25
August 2019
Sunday
10:11 am IST

ദുബായ് 1960ൽ (ചരിത്രം – ഷെരീഫ് ഇബ്രാഹിം

June 20, 2019 | 10:03 AM | | admin
65307404_1667308713401501_1935463150073675776_n

ദുബായ് 1960ൽ (ചരിത്രം)
By ഷെരീഫ് ഇബ്രാഹിം.

ഈ ചിത്രം ദെയ്‌റ ദുബായിലെ നായിഫ് പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ശിക്കത്തുൽ ഖൈൽ എന്ന സ്ഥലത്താണ്. ഇതിന്നടുത്താണ് ഞാൻ ആദ്യമായി താമസം തുടങ്ങിയത് 1969ൽ.
ചിന്തിക്കുന്നവർക്ക് പാഠമുണ്ട്. ഇങ്ങിനെ ഒരു ദുബായുണ്ടായിരുന്നു എന്ന് ഈ ഫോട്ടോവിന്റെ വെറും ഒമ്പത് വർഷം മുമ്പ് അവിടെ എത്തിയ എനിക്ക് പോലും അത്ഭുതമുണ്ട്. ചിന്തിക്കുന്നുണ്ട്. അത് ചിന്തിക്കാത്ത മലയാളികൾ ഉണ്ടെന്നുള്ളത് പോട്ടെ.. അറബികൾ പോലുമുണ്ട്. 
ഒരിക്കൽ, അതായത് 1990കളിൽ എന്റെ ഓഫീസിൽ വന്ന ഒരു അറബി പയ്യൻ (പയ്യന്റെ പേര് സാലം എന്നാണു ഓര്‍മ. ഉറപ്പില്ല. വീട്ടുപേര് അല്‍മുഹൈറി എന്നാണെന്ന് ഉറപ്പാണ്). അവന്‍ അവന്റെ കന്തൂറയിലെ പോക്കറ്റില്‍ നിന്ന് റബ്ബര്‍ ബാന്‍ഡ് ഇട്ട് വെച്ച കെട്ടു നോട്ടിൽ നിന്ന് ഒരെണ്ണം വലിച്ചെടുത്തപ്പോൾ ഒരു അഞ്ഞൂറ് ദിർഹത്തിന്റെ നോട്ട് കുറച്ചധികം കീറി. ഉടനെ അവൻ ആ നോട്ടു രണ്ടാക്കി കീറി ചവറ്റുകോട്ടയിൽ ഇട്ടു. 
അവനാണെങ്കിൽ ഷെയ്ഖിനെ കണ്ട് എന്തെങ്കിലും വലിയ സംഖ്യ സഹായമായി വാങ്ങാൻ വന്നവനാണ് എന്നുള്ളത് പ്രത്യേകം മനസ്സിലാക്കണം. അല്ലെങ്കിലും ഭൂരിപക്ഷം മലയാളി പ്രവാസികളും പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നു. എന്നാൽ അവരുടെ ബന്ധക്കാർ, അവരുടെ പണം സഹായമായി ലഭിച്ചവർ അത്ര സൂക്ഷമത ഇല്ലാത്തവരാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അദ്ധ്വാനിച്ചു കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയവർ ഭാവിയെ പറ്റി ചിന്തിക്കും. 
ഞാൻ ആ അറബി പയ്യനോട് അവൻ ചെയ്ത തെറ്റ് ചൂണ്ടി കാണിച്ചു. അവൻ എന്നെ പരിഹസിച്ചു ചിരിച്ചു. അപ്പോൾ ഞാൻ ഈ ഫോട്ടോ അടക്കം എന്റെ ശേഖരത്തിലുള്ള ഗൾഫിന്റെ പഴയ ഫോട്ടോകൾ അവന് കാണിച്ചു കൊടുത്തു. സത്യം പറയാം. അവൻ ആ ഫോട്ടോ നോക്കി കുറച്ചു നേരം ഇരുന്നു. അവന്റെ കണ്ണിൽ ഒരു നീര് ഞാൻ കണ്ടു.
എന്നിട്ട് അവൻ ഇങ്ങിനെ പറഞ്ഞു. ‘അൽബൂഫാൻ, ഇന്ത ദക്കർനീ ഹാദാ ദാഇമൻ. (ഇപ്പോഴും ഇത് എന്നെ ഓര്മിപ്പിക്കണേ).’
എന്റെ ബോസിന്റെ മകൻ H.E. ഷെയ്ഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹിയാൻ നാല് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ എന്നെ കാണുന്നു. ഒരിക്കൽ കുട്ടിയായിരിക്കുമ്പോൾ എന്നോട് എന്റെ പേര് ചോദിച്ചു. ഞാൻ ഷെരീഫ് എന്ന് പറഞ്ഞു. ഉപ്പാടെ പേര് ചോദിച്ചപ്പോൾ ഇബ്രാഹിം എന്ന് പറഞ്ഞു. പിന്നെ ചോദിച്ചത് ഇസ്മുൽ ആഇല (വീട്ടുപേര്) ആണ്. ഞാൻ എന്റെ വീട്ടുപേര് പറഞ്ഞു. അവൻ അത് അറബികരിച്ച് എനിക്കൊരു വീട്ടുപേര് നൽകി. അൽബൂഫാൻ. അത് പല അറബികളും കേട്ടു. അവരിൽ ചിലർ എന്നെ ഷെരീഫ് എന്നും അൽബൂഫാൻ എന്നും വിളിച്ചു. അങ്ങിനെയാണ് ആ പയ്യൻ എന്നെ അങ്ങിനെ വിളിച്ചത്.

By ഷെരീഫ് ഇബ്രാഹിം.

Previous Next