28
January 2020
Tuesday
11:41 am IST
0° C

kozhikode

ആഖ്യാനത്തിലെ ബഹുസ്വരതകൾ-വി.ജെ. ജയിംസിന്റെ രംഗപ്രവേശം

September 28, 2018 | 8:57 AM | | admin
download1
ആഖ്യാനകലയിൽ നവ്യമായൊരു ദർശനം 

 ആഖ്യാനകലയിൽ നവ്യമായൊരു ദർശനവും വ്യതിരിക്തമായൊരു ഭാവുകത്വവും സൃഷ്ടിച്ചു കൊണ്ടായിരുന്നു വി.ജെ. ജയിംസിന്റെ രംഗപ്രവേശം

.മലയാളനോവലിൽ ഒരു പുതിയ ആകാശവും ഭൂമിയും ദർശനദീപ്തിയോടെ വെളിപ്പെടുകയായിരുന്നു .കേവലമായ മനുഷ്യാവസ്ഥകൾക്കുപരി , ആത്മീയവും ദാർശനികവുമായ ചില സൂക്ഷ്മതലങ്ങളെ തൊട്ടുഴിഞ്ഞുകൊണ്ട് ആ വാക്കുകൾ അതിന്റെ ലക്ഷ്യത്തിലേക്കു മുന്നേറുന്നതായി വായനക്കാർ തിരിച്ചറിഞ്ഞു.

ണ്ടു ദശകങ്ങളുടെ കാലപ്പഴക്കമില്ല ഒരു ആഖ്യായികാകാരൻ എന്ന നിലയിൽ ജയിംസിന് .1999 ൽ ആണ് പുറപ്പാടിന്റെ പുസ്തകവുമായി മലയാളനോവലിന്റെ ഇറയത്തേക്ക് ഈ എഴുത്തുകാരൻ കസേര വലിച്ചിട്ട് ഇരുപ്പുറപ്പിച്ചത്.പ്രസിദ്ധീകരിച്ചു വന്ന ആദ്യത്തെ നോവൽ പുറപ്പാടിന്റെ പുസ്തകമായിരുന്നെങ്കിലും ‘ഒറ്റക്കാലൻ കാക്ക’ ആയിരുന്നു ജയിംസ് ആദ്യമെഴുതിയ നോവൽ. ആരംഭഘട്ടത്തിൽ ഒ.വി.വിജയന്റെ സ്വാധീനത്തിൽ പെട്ടു പോയിട്ടുണ്ടെന്ന് നോവലിസ്റ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പുറപ്പാടിന്റെ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി വായിച്ച സുഹൃത്ത് അതിൽ തൊണ്ണൂറ്റഞ്ച് ശതമാനം ഒ.വി.വിജയനും അഞ്ചു ശതമാനം ജംയിസും ആണെന്നഭിപ്രായപ്പെട്ടു. നോവൽ മുഴുവൻ മാറ്റി എഴുതുകയുണ്ടായി എന്നും ഇക്കുറി തൊണ്ണൂറ്റഞ്ചു ശതമാനം ജയിംസും അഞ്ചു ശതമാനം വിജയനും ആയിട്ടുണ്ടെന്നു ആ സുഹൃത്തുപറഞ്ഞതായി ജയിംസ് ഒരഭിമുഖത്തിൽ പറയുന്നുണ്ട്. (ഒന്ന്) അത്തരം സ്വാധീനവലയങ്ങളെ ഭേദിച്ചു കൊണ്ട് മലയാള നോവലിൽ സ്വന്തമായൊരു ആഖ്യാന ശൈലിയും ദാർശനികമാനവും അവതരിപ്പിച്ചു കൊണ്ട് ജയിംസ് അനിഷേധ്യമായ ഒരു സാന്നിധ്യമായി പരിണമിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. നോവലിൽ മൗലികമായ ഒരു ഇടം ഈ എഴുത്തുകാരൻ സൃഷ്ടിക്കുന്നുണ്ട്.തന്റെ കാലത്തെ ഇതര നോവലിസ്റ്റുകളിൽ നിന്ന് ജയിംസ് വ്യത്യസ്തനാവുന്നത് തികഞ്ഞ ആഖ്യാന കൗശലവും അമ്പരപ്പിക്കുന്ന വിഷയവൈവിധ്യവും കൊണ്ടാണ്. വിദേശത്തോ സ്വദേശത്തോ പൂർവ്വ മാതൃകകളില്ലാത്ത ഒരു എഴുത്തു രീതി ജയിംസ് രൂപപ്പെടുത്തുകയുണ്ടായി.മലയാളനോവലിൽ ജയിംസ് ഇതിനകം തന്റേതായ ഒരു സ്ഥലവും കാലവും തീർത്തു കഴിഞ്ഞിരിക്കുന്നു.

ആഖ്യാനത്തിലെ ബഹുസ്വരതയാണ് ജയിംസിന്റെ നോവലുകളുടെ മുഖ്യ സവിശേഷത. വിഷയ സ്വീകാരത്തിൽ മാത്രമല്ല ഈ വൈവിധ്യം പ്രകടമാവുന്നത് .ഭാഷയിലും ആവിഷ്കാരത്തിലും ഈ ഭിന്നഭാവം പ്രത്യക്ഷമാണ്. അനുവാചകനെ തെല്ലു വിസ്മയിപ്പിച്ചു കൊണ്ടാണ് ജയിംസ് ഒരു നോവലിൽ നിന്ന് മറ്റൊന്നിലേക്ക് പ്രയാണമാരംഭിക്കുന്നത് .കേവലം ഒരു ദേശത്തിന്റെ കഥാകാരനായോ ഏതെങ്കിലും ഫ്രെയിമിനുള്ളിൽ അല്പ വ്യതിയാനത്തോടെ അവതരിപ്പിക്കുന്ന കഥകളുടെ സ്രഷ്ടാവായോ ജയിംസ് സ്വയം പരിമിതപ്പെടുന്നില്ല.

ഓരോ നോവലും ഓരോ പ്രപഞ്ചമാണ് എന്നു പറയത്തക്ക വിധം അമ്പേ വിഭിന്നങ്ങളായ ആഖ്യാന മാതൃകകളായി അവ പരിലസിക്കുന്നു. സന്ദർഭത്തിനും ഭാവത്തിനും അനുരോധമായി ആ ഭാഷയിൽ വലിയ വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. അതു കൊണ്ടാണ് ആ കൃതികൾ ഒന്നാകെ ഭാഷയിൽ ഖനനം ചെയ്തെടുത്ത വിലപ്പെട്ട ഉരുപ്പടികൾ ആയി മാറുന്നത്.

ആഖ്യാന കല

ആഖ്യാന കലയെക്കുറിച്ച് സവിശേഷമായി പഠിച്ച സാംസ്കാരിക വിമർശകനാണ് മിഖായിൽ ബക്തിൻ .കവിതയുടെ ഏകാന്ത ഭാഷണത്തിന് (monologism) പകരം സംവാദാത്മകതയാണ് (dialogism) നോവലിന്റെ സവിശേഷത എന്നു ബക്തിൻ നിരീക്ഷിക്കുന്നുണ്ട്. ബക്തിൻ തന്റെ പ്രബന്ധത്തിൽ (രണ്ട്) എടുത്തു പറയുന്ന വ്യത്യസ്ത സാമൂഹിക ഭാഷണ മാതൃകകൾ (variety of social speech types), ആഖ്യാനത്തിലെ ബഹുസ്വരത (diversity of voices) എന്നിവ ജയിംസിൽ ദർശിക്കാവുന്നതാണ് .അതേസമയം ഭാഷണ മാതൃകകൾക്ക് വലിയൊരന്തരം സംഭവിച്ചു കാണുന്നില്ല.എന്നാൽ വിഷയത്തിനനുസരിച്ച് ഭാഷയുടെ അന്തരീക്ഷത്തിന് വ്യതിയാനം സംഭവിക്കുന്നുണ്ടുതാനും. അതെന്തായാലും മറ്റെവിടെയും കാണാൻ കഴിയാത്ത ചില സവിശേഷതാല്പര്യങ്ങൾ ഈ എഴുത്തുകാരനെ ഭരിക്കുന്നുണ്ട്. മലയാളനോവലിസ്റ്റുകൾ പരിചരിച്ച ആശയധാരകളിൽനിന്നും തുലോം വ്യത്യസ്തമായ ചില മനോമണ്ഡലങ്ങളെ എത്തിപ്പിടിക്കുന്നതിനും അവയിൽ മനസ്സ് വ്യാപരിപ്പിക്കുന്നതിനും ഈ എഴുത്തുകാരന് കഴിയുന്നുണ്ട്. മലയാളനോവൽ ഇതുവരെ കൈവയ്ക്കാൻ മടിച്ചു നിന്ന ചില പ്രശ്നമേഖലകളെ ജയിംസ് പരിചിന്തനത്തിനെടുക്കുന്നുണ്ട്. സാധാരണ  മനുഷ്യന്റെ ചിന്തയെ അലട്ടുന്ന പ്രശ്നങ്ങളല്ല ജയിംസിനെ അസ്വസ്ഥനാക്കുന്നത് .സദാ അന്വേഷണാത്മകമായ ഒരു ബുദ്ധി ഈ എഴുത്തുകാരനിൽ പ്രവർത്തനനിരതമാകുന്നതെങ്ങനെ എന്നറിയാൻ കൂടിയാകാം നാം ആ സൃഷ്ടികൾ തേടിപ്പിടിച്ച് വായിക്കുന്നത്.ജയിംസിന്റെ രചനാ പ്രപഞ്ചത്തിൽ കഥകളുടെ ആവർത്തനമില്ല.എന്നാൽ ചിലതാത്ത്വിക പ്രശ്നങ്ങൾ ,അന്വേഷണങ്ങൾ ഏറിയും കുറഞ്ഞും ഈ സാഹിത്യകാരന്റെ  രചനകളിൽ ആവർത്തിച്ച്   പ്രത്യക്ഷപ്പെടാറുണ്ടു

download (1)

താനും .ഇത് ഒരിക്കലും യാന്ത്രികമായി സംഭവിക്കുന്നതല്ല. വളരെ നൈസ്സർഗ്ഗികമായി സംഭവിക്കുന്ന ഒരു പ്രക്രിയയായി മാത്രമേ ഈ വിചാര ലോകത്തെ കാണാനാവൂ. വളരെ സ്വാഭാവികമായി പരിണമിക്കുന്നതും അത്യന്തം സൂക്ഷ്മമായ അന്വേഷണത്തിന്റെ ഫലസിദ്ധിയെ സ്വായത്തമാക്കിയിട്ടുള്ളതും മനുഷ്യാവസ്ഥയുടെ ഏറ്റവും സന്ദിഗ്ദ്ധ ഘട്ടങ്ങളെപ്പോലും ഒപ്പിയെടുക്കാൻ കെല്പുറ്റുമായ ഒരു രചനാ മിടുക്കിന്റെ കാരണമന്വേഷിച്ച് വേറെവിടെയും പോകേണ്ടതില്ല. ചോരശാസ്ത്രവും നിരീശ്വരനും ദത്താപഹാരവും ലെയ്ക്കയും ഒക്കെ ഒന്നിനൊന്നു വ്യതിരിക്തവും ആകർഷകവും ആകുന്നതിന്റെ രഹസ്യവും ഈ അന്യാദൃശമായ അർപ്പണബുദ്ധിയിലും പുതുമയെ കൈവരിക്കാനുള്ള ദാഹത്തിലും അന്വേഷിച്ചാൽ മതി. ജയിംസിന് നോവൽ രചന എന്നു പറയുന്നത് പുതിയ ലോകങ്ങളിൽ പോയി പാർക്കൽ തന്നെയാവുന്നു. 

ആയാസരഹിതവും നർമ്മസമ്പുഷ്ടവുമായ ,ചിലപ്പോൾ ആക്ഷേപഹാസ്യത്തോളം ചെന്നെത്തുന്ന ഒരു ഭാഷാശൈലി (ചോരശാസ്ത്രം ,നിരീശ്വരൻ ), ഭാവസാന്ദ്രതയും പ്രകടമായ പാരിസ്ഥിതിക ആത്മീയതയുടെ(eco spirituality) പ്രവാഹസമൃദ്ധിയും ഉൾക്കൊള്ളുന്ന രചനാ മുഹൂർത്തങ്ങൾ ( ദത്താപഹാരം),  മതാതീതവും പ്രാപഞ്ചിക മാനങ്ങളെ ആവഹിക്കുന്നതുമായ ആത്മീയത തിടം വച്ചു നില്ക്കുന്ന രചനകൾ ( നിരീശ്വരൻ,ചോരശാസ്ത്രം, പുറപ്പാടിന്റെ പുസ്തകം), ബൈബിൾ സങ്കേതങ്ങളെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് ജീവിതത്തെ ഇഴപിരിച്ച് നോക്കുന്നതിനുള്ള വ്യഗ്രത ( ആന്റി ക്ലോക്ക്), ആ രചനാ ലോകത്തിലാകമാനം പ്രഫുല്ലമാവുന്ന ആത്മീയതയുടെ പ്രകാശരേണുക്കൾ ഒക്കെ വായനയുടെ ബാക്കിപത്രങ്ങളായി അവശേഷിക്കുക തന്നെ ചെയ്യും. മതേതരമായൊരു ആത്മീയത മാത്രമല്ല ശാസ്ത്ര ബോധവും ദാർശനികാവബോധവുമാണ് ജയിംസ് മലയാളനോവലിൽ നിക്ഷേപിക്കുന്നത്. 

അതിഭാവുകത്വമോ,നിഗൂഢതയോ,അഗാധമായ തത്ത്വശാസ്ത്ര ഗർത്തമോ, ഗിരിശിഖരങ്ങളോ കാണിച്ച് ജയിംസ് വായനക്കാരനെ ഭയപ്പെടുത്തുന്നില്ല. മിതത്വമാർന്നതും സമീകൃതവുമായ താളബോധം കൊണ്ട് ഈ എഴുത്തുകാരൻ മലയാള നോവലിൽ വേറിട്ട വഴി വെട്ടുന്നു. ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ഉറച്ച തത്ത്വശാസ്ത്ര ബോധ്യങ്ങളുള്ള എഴുത്തുകാരൻ തന്നെയാണ് ജയിംസ് .

മരണം മൂടിക്കെട്ടിയ ഒരാകാശം പുറപ്പാടിന്റെ പുസ്തകത്തിൽ കനത്തുനില്പുണ്ട്. ചില മരണങ്ങൾ ഉളവാക്കിയ ശൂന്യതയും അർത്ഥരാഹിത്യവും കുഞ്ഞൂട്ടിയെ വരിഞ്ഞുമുറുക്കുന്നുണ്ട്. ജീവിതത്തോട് ആകമാനം തോന്നുന്ന മടുപ്പും ഇച്ഛാഭംഗവും നായകകഥാപാത്രത്തിന്റെ മനോഘടനയിൽ വിള്ളൽ വീഴ്ത്തുന്നുണ്ട്. ഉത്സാഹം നശിച്ച് യാന്ത്രികമായി നടന്നു നീങ്ങുന്ന ഈ കഥാപാത്രത്തെ സംബന്ധിച്ച് പ്രസക്തമായൊരു ചോദ്യമുണ്ട്. സൂസന്നയുടെ മരണമുളവാക്കിയ കുറ്റബോധമില്ലായിരുന്നെങ്കിൽ ഈ കഥാപാത്രം എപ്രകാരമായിരിക്കും പെരുമാറുക ? കാതലായ മാറ്റമൊന്നും പ്രതീക്ഷിക്കുക വയ്യ. ചില ജീവിതങ്ങൾ അങ്ങനെയാണ് .പ്രത്യേകിച്ചൊരു കാരണവും പറയാനില്ലാതെ അവരുടെ മനോഘടന ദു:ഖത്തിന് അധീനപ്പെട്ടിരിക്കും.

അസ്തിത്വദു:ഖമെന്ന് ഇതിനെ വിളിക്കാമോ? അങ്ങനെ ഏതെങ്കിലും ഒരു കള്ളിയിൽ ഒതുക്കുവാനാവാത്ത തരം വ്യക്തിത്വ സവിശേഷതകളാവും ഇവരെ ഭരിക്കുക. ഒരുതരം ഫിലോസഫിക്കലായ വ്യഥിതബോധം ഇവരെ ചൂഴ്ന്നു നിൽക്കുന്നതായി അനുഭവപ്പെടാം. 

പോട്ടത്തുരുത്തിൽ പലപ്പോഴായി മരണത്തിന്റെ ഘോഷയാത്ര തന്നെ സംഭവിക്കുന്നുണ്ട് .സൂസന്ന,നന്ദിനി, അനീറ്റ, പാറൂട്ടി, തെരേസ,ചിരുത,കൊപ്പൻ, ഗോവിന്ദൻകുട്ടിയാശാൻ ഇങ്ങനെ മരണത്തിന്റെ അന്ധകാരസദൃശമായ ഒരു ലോകം പോട്ടത്തുരുത്തിനു മേൽ ദു:ഖത്തിന്റെ കരിമ്പടം വിരിക്കുന്നുണ്ട്. പുറപ്പാടിന്റെ പുസ്തകം ശ്രദ്ധേയമാകുന്നത് ഏതൊരു കാരണത്താലാണ്? അസാധാരണ മിഴിവാർന്ന കഥാപാത്രങ്ങളില്ല .അനന്യസാധാരണമായ ജീവിത സന്ദർഭങ്ങളില്ല .ആഖ്യാനത്തിൽ ദീക്ഷിക്കുന്ന മിതത്വമാണ് ഇതിനെ ഒരു നോവൽ എന്ന നിലയിൽ സമാ കർഷകമാക്കുന്നത് . പോട്ടത്തുരുത്തിന്റെ ജനജീവിതം, അവരുടെ വിശ്വാസങ്ങൾ/ അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ, മന്ത്രവാദം എന്നു വേണ്ട നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അതി മാത്രം സുഭഗമായ ഒരു ആഖ്യാനകൗശലത്താൽ ഇടം പിടിക്കുകയാണ്. ഗ്രാമീണ ജീവിതത്തിന്റെ മിത്തുകളും സാംസ്കാരികചിഹ്നങ്ങളും അവിടത്തെ മനിതരുടെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ഒക്കെ അത്യന്തം സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു പുറപ്പാടിന്റെ പുസ്തകത്തിൽ. മലയാള നോവലിൽ പി.എഫ്.മാത്യൂസിന്റെ ചാവുനിലം എന്ന നോവലിൽ മാത്രമാണ് ഇതേപോലൊരു സമാനതാളം സംഭവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.  ജീവിതത്തെ അപേക്ഷിച്ച് മരണത്തിന് ഫിലോസഫിക്കലായ ഒരു തലം കൂടുമല്ലോ. മരണത്തിന്റെ ഒരു കടുന്തുടി മനസ്സു പിളർക്കും വിധം പോട്ടത്തുരുത്തിൽ മുഴങ്ങുന്നുണ്ട്. 

ഒരു പക്ഷേ, മലയാളനോവൽ പ്രതിപാദനം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും നിസ്തന്ദ്രവും അപൂർവ്വവുമായ ഒരു ഇതിവൃത്തമായിരിക്കണം ദത്താപഹാരത്തിൽ അവതീർണ്ണമാകുന്നത്. സ്വന്തം തൃപ്തിക്കായി തേടിയതെല്ലാം മനുഷ്യനെ അതൃപ്തനാക്കി മാറ്റുന്നതേയുള്ളുവെന്ന് ഫ്രെഡി റോബർട്ട് തിരിച്ചറിയുന്നിടത്താണ് അയാളുടെ തിരോധാനം സംഭവിക്കുന്നത്. കാടിന് ഒരു

വിളിയുണ്ട് .ആദിമമായ വിളി .ആ ആഹ്വാനം ഫ്രെഡി സ്വീകരിക്കുകയാണ്. കാട്ടിൽ വച്ച് വസ്ത്രങ്ങൾ ഉരിഞ്ഞ് കളയുന്നതിലൂടെ കൃത്രിമമായൊരു പരിഷ്കൃതിയുടെ മലിനവസനമാണ് ഫ്രെഡി ഉപേക്ഷിക്കുന്നത്.  ഈ ത്യാഗം പരിഷ്കൃതമനുഷ്യനെന്നഭിമാനിക്കുന്നവനെ സംബന്ധിച്ച് ആത്മഹന നമായും സത്യത്തിന്റെ സഹജമായ പഥങ്ങളിൽ

എല്ലാ ആർജ്ജിത സംസ്കാരങ്ങളെയും കൃത്രിമമെന്നു കണ്ട് ഉപേക്ഷിച്ചവന് ആത്മവിമോചനമായും അനുഭവപ്പെടും എന്നതാണ് അതിലെ വൈരുധ്യാത്മകത .ഫ്രെഡി

റോബർട്ടിനെസ്സംബന്ധിച്ചിടത്തോളം ഉരിഞ്ഞിട്ട വസ്ത്രം സ്വാതന്ത്ര്യത്തിന്റെ സ്വാച്ഛന്ദ്യത്തിന്റെ വിപുലമായ ആകാശവും വനപഥവുമായിരുന്നു.

കാട്ടിലേക്ക് തിരികെ പോവുക എന്നത് മനുഷ്യർ കൊതിക്കുന്ന അവസ്ഥയും സ്വപ്ന സന്നിഭമായ പ്രതീക്ഷയും ആവുന്നു. കാട് ഇന്നോളം മനുഷ്യൻ കാണാത്ത മഹാഗ്രന്ഥങ്ങളെ നിവർത്തി വയ്ക്കുന്നു. ഹെൻറി ഡേവിഡ് തൊറോയും (Henry David Thoreau) മറ്റും ഈ മഹാഗ്രന്ഥത്തെ വായിച്ചവരാണ്. തൊറോ കാടിനെ തന്റെ ആവാസകേന്ദ്രമാക്കി മാറ്റുകയായിരുന്നല്ലോ. വാൾഡൻ (Walden)  

(മൂന്ന് )ഈ വനജീവിതത്തിന്റെ ബൈബിൾ ആണ് .  പുറപ്പാടിന്റെ പുസ്തകത്തിൽ, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല, അല്പം സമ്പാദിച്ചവന് ഒട്ടും കുറവുണ്ടായതുമില്ല എന്നൊരു വാക്യം (ബൈബിൾ, പുറപ്പാട് 16:18)  മുഖക്കുറിയായി കൊടുത്തിട്ടുണ്ട് .എത്ര അർത്ഥസാന്ദ്രമായ വാക്യമാണത്!  തൊറോയെപ്പോലുള്ള മനുഷ്യരാണ് ഇത് നെഞ്ചോട് ചേർത്തിട്ടുള്ളവർ. ഒരു പക്ഷേ, മനുഷ്യർക്ക് ഇതൊക്കെ   കാടിനുള്ളിൽ എത്തിപ്പെടുമ്പോൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയുമായിരിക്കുകയുള്ളു.മനുഷ്യൻ എത്തിപ്പെട്ടിരിക്കുന്ന ബന്ധനങ്ങൾക്കിടയിൽ ആദ്യത്തേതാണ് കുപ്പായത്തിന്റെ കുടുക്കുകൾ എന്ന് ഫ്രെഡി തിരിച്ചറിയുന്നു. ആ ബന്ധനം – ആദിമമായ ബന്ധനം – അതിൽ നിന്ന് മോചിതനായാൽ പിന്നെയെല്ലാം എളുപ്പമായി എന്നാണ് ദത്താപഹാരം എന്ന നോവൽ പറയുന്നത്.

കാലമെന്ന പ്രഹേളിക

മലയാള ഭാവനയ്ക്ക് ഇന്നു വരെ പരിചിതമല്ലാത്തൊരു ആഖ്യാന വൈഭവത്താൽ അനുഗൃഹീതമാണ് നിരീശ്വരൻ എന്ന നോവൽ .ഒരു അനസ്തേഷ്യയുടെ പിശകുനിമിത്തം കാൽ നൂറ്റാണ്ട് ഉറങ്ങിയെഴുന്നേല്ക്കുന്ന ഒരു കഥാപാത്രമുണ്ട് നിരീശ്വരനിൽ .56 വയസ്സുള്ള ഇന്ദ്രജിത്ത് 32 വയസ്സുകാരനെപ്പോൽ മരുവുമ്പോൾ യുവാവായ ഭർത്താവിനു മുന്നിൽ വൃദ്ധയായി നിൽക്കേണ്ടി വരുന്നു ഭാര്യ സുധയ്ക്ക്.

സമയം/ കാലം എന്ന പ്രതിഭാസം ജയിംസിനു ഒരു ഒബ്സഷനായി മാറുന്നുണ്ടെന്ന് ആ രചനകൾ വായിക്കുമ്പോൾ അനുഭവിക്കാനിടയാകും. റോബർട്ടോയും ഇന്ദ്രജിത്തും തമ്മിലും മറ്റൊരിക്കൽ റോബർട്ടോയും  ഡോ.കൃഷ്ണനെഴുത്തച്ഛനും തമ്മിലുള്ള സംവാദം ശാസ്ത്രമെന്നോ തത്ത്വശാസ്ത്രമെന്നോ വിളിക്കാവുന്ന ഒരു തലത്തിലേക്ക് എത്തിച്ച് വായനയെ ത്രസിപ്പിക്കുന്ന ഒരനുഭവമാക്കിത്തീർക്കാൻ ജയിംസിനു കഴിയുന്നുണ്ട്.

കാലത്തിന്റെ അതിഗൂഢമായ ഇടനാഴികളിലൂടെ ഊളിയിട്ട് നീന്താനുള്ള ഒരു താല്പര്യം ഈ എഴുത്തുകാരനുണ്ട്. ആ നോവലുകളോരോന്നും അതിന്റെ സാക്ഷ്യപത്രങ്ങളാവുന്നുണ്ട്. കാലമെന്ന മഹാപ്രവാഹത്തെ പഠിക്കാനൊരുങ്ങുന്ന ഒരു ഗവേഷക വിദ്യാർത്ഥിയെപ്പോലെ ജയിംസ് പെരുമാറുന്നു. ഇത്തരം അന്വേഷണങ്ങൾ നോവലിന് ഒരു തരം ദാർശനികതയുടെ പ്രഭാവത്തെ പ്രദാനം ചെയ്യുന്നുണ്ട്. വാച്ച് /ക്ലോക്ക്  ജയിംസിന്റെ നോവലുകളിൽ ആവർത്തിച്ചു വരുന്ന ഒരു ബിംബമാകുന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ദ്രജിത്തിന്റെ ജീവിതത്തിൽ കാലം നടത്തുന്ന ഒളിച്ചുകളി നോവലിന്റെ ഘടനയിൽ വലിയ സാധ്യതകളെ തുറന്നു തരികയാണ്. കേവല ബുദ്ധിക്ക്  ഉൾക്കൊള്ളാൻ കഴിയാത്ത ചില സമസ്യകള ഇഴപിരിച്ചെടുക്കുന്നതിന് റോബർട്ടോ എന്ന ശാസ്ത്രവിദ്യാർത്ഥി ഡോ.കൃഷ്ണനെഴുത്തച്ഛനെ സമീപിക്കുകയാണ്. കൃഷ്ണനെഴുത്തച്ഛൻ ഇന്ദ്രജിത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് ശാസ്ത്രബുദ്ധ്യാ വിശകലനം ചെയ്യുന്നു. ചലനത്തിന്റെ ആപേക്ഷിക്കാനുഭവമാണ് സമയം. ഐൻസ്റ്റീന്റെ റിലേറ്റീവ് തീയറി കൂട്ടു പിടിച്ചാലോ വസ്തുവിന്റെ സഞ്ചാര വേഗത്തിനൊത്ത് സമയാനുഭവം കുറയുന്നു എന്ന തത്ത്വം ഓർമ്മിക്കുക. കൃഷ്ണനെഴുത്തച്ഛൻ തുടരുന്നു : ‘മനുഷ്യന്റെ ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂർ കൊണ്ട് പൂർത്തിയാവുന്ന പകലും രാത്രീമെന്നല്ല മഹത്തുക്കൾ നിർവ്വചിച്ചിരിക്കുന്നത്.മറിച്ച് ശ്വസോച്ഛ്വാസങ്ങളുടെ എണ്ണത്തിലാണ്. മുപ്പത്താറായിരം ശ്വാസഭുക്തി പൂർത്തിയാവുമ്പോ ഒരു മനുഷ്യന്റെ ഒരു ദിവസം പൂർത്തിയാവുന്നു‘  ഇന്ദ്രജിത്തിന്റെ ശാസോച്ഛ്വാസം അതീവ മന്ദഗതിയിലായിരുന്നു .മുപ്പത്താറായിരം ശ്വാസോച്ഛ്വാസം അയാൾ മുപ്പതു ദിവസം കൊണ്ടായിരിക്കും പൂർത്തീകരിച്ചത്.അങ്ങനെ വരുമ്പോൾ അയാളുടെ മുപ്പതു ദിവസം ഒരു ദിവസത്തിനു തുല്യമാകുന്നു. ഒരു വർഷമെന്നാൽ കേവലം പന്ത്രണ്ടു ദിവസം ! ശ്വാസം നേർത്തു നേർത്ത് നിലയ്ക്കുന്ന നിലേൽ ഒരാളുടെ സമയം ഭൂതം ഭാവി വർത്തമാനമെന്ന ത്രിത്വം വെടിഞ്ഞ് ഏകമാവും.ജീവനോടിരുന്നു ശ്വാസനില പൂജ്യമാക്കുന്നോന്റെ നിലയാണ് ത്രികാലജ്ഞാനം എന്നു കൃഷ്ണനെഴുത്തച്ഛൻ പറഞ്ഞു നിറുത്തുമ്പോൾ സമയപ്രവാഹത്തെസ്സംബന്ധിച്ച ഒരു മഹാതത്ത്വം അനാവരണം ചെയ്യപ്പെടുകയാണ്. 

പുറപ്പാടിന്റെ പുസ്തകത്തിലെ ഒരു പ്രകരണം ഈ സന്ദർഭത്തോടു കൂട്ടി വായിക്കാൻ പ്രേരണയുളവാകുന്നു. മദ്യലഹരിയിൽ സർപ്പദംശനമേറ്റ കൊപ്പൻ, പാമ്പ് കടിച്ച അത്രയും കടി പാമ്പിന് തിരിച്ചു കൊടുക്കുകയാണ്. അപ്പൻ ചോനാച്ചൻ പഠിപ്പിച്ച പച്ചമരുന്ന് തേടി എഴുത്താശാന്റെ പറമ്പിൽ എത്തുന്ന കൊപ്പന്റെ മുൻപിൽ ആശാൻ നില്ക്കുന്നു. ആശാൻ പിന്നിൽ കെട്ടിയിരുന്ന കൈകൾ നിവർത്തി കൊപ്പന്റെ നേർക്ക് നീട്ടിയപ്പോൾ അതിൽ അമൂല്യ മൂലികകൾ ഉണ്ടായിരുന്നു.കൊപ്പന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് എഴുത്താശാൻ പറഞ്ഞു : ‘ ആകെ പഴുത്തളിഞ്ഞ് വൃത്തികേടായേക്കണു ‘ .കാലത്തിന്റെ ഏതോ ഒരാംഗിളിൽ നിന്നു നോക്കിയപ്പോൾ സംഭവിക്കാനിരിക്കുന്നത് ഭ്രാന്തൻ എഴുത്താശാൻ കണ്ടു എന്നതു വ്യക്തം.ഇങ്ങനെ കാലത്തെസ്സംബന്ധിച്ച അത്ര സാധാരണമല്ലാത്ത ഒരു സങ്കല്പം ജയിംസിന്റെ നോവലുകളിൽ അങ്ങിങ്ങായി ഊറിക്കിടപ്പുണ്ട്. സമയത്തെ പിന്നോട്ട്  നയിക്കുന്നതിൽ വ്യാപൃതനായിരിക്കുന്ന പണ്ഡിറ്റ് (ആന്റി ക്ലോക്ക്), കാലം ഒരു വിഭ്രാമക സങ്കല്പമാണ് .ഏകകാലത്തിൽ തന്നെ ഒരുവന്  എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളുണ്ട് എന്നു പറയുന്ന ചന്ദ്രൻ മാസ്റ്റർ (പുറപ്പാടിന്റെ പുസ്തകം),  റിലേറ്റിവിറ്റി തിയറിയും സമയത്തിന്റെ ഇലാസ്റ്റിസിറ്റിയും സംബന്ധിച്ച സന്ദേഹങ്ങൾ കൊണ്ടു നടക്കുന്ന സൈമൺ (ഒറ്റക്കാലൻ കാക്ക) ഇവരൊക്കെ യാദൃച്ഛികമായി വന്നു പോവുന്നവരല്ല. 

പ്രപഞ്ചത്തിന്റെ പൂട്ടുകൾ തുറക്കാൻ, എങ്ങും വ്യാപിച്ചു നില്ക്കുന്ന അന്ധകാരത്തെ മായ്ച്ചു കളയാൻ പ്രാപ്തനായ ഒരു ഗുരുനാഥൻ എന്ന ബിംബം ജയിംസിന്റെ നോവലുകളിൽ നാം ആവർത്തിച്ചു കണ്ടെത്തുന്നു.കൃഷ്ണനെഴുത്തച്ഛൻ (നിരീശ്വരൻ ), ഭിക്ഷാംദേഹി (ദത്താപഹാരം ), പണ്ഡിറ്റ്, ഗുരുതുല്യനായ ഹെൻറിയുടെ അച്ഛൻ (ആന്റി ക്ലോക്ക് ), ഹിസ്റ്ററി പ്രഫസർ (ചോരശാസ്ത്രം ), കിറുക്കുണ്ടെങ്കിലും മഹാ ജ്ഞാനിയായ ഗോവിന്ദൻകുട്ട്യാശാൻ (പുറപ്പാടിന്റെ പുസ്തകം), റിട്ടയേഡ് ഫിസിക്സ് പ്രഫസർ (ഒറ്റക്കാലൻ കാക്ക ) എന്നിവർ ഓർമ്മയിൽ വരുന്നു.കൂടാതെ ചോരശാസ്ത്രവും പുറപ്പാടിന്റെ പുസ്തകവും സമർപ്പിച്ചിരിക്കുന്നതു തന്നെ ‘ഗുരുനാഥന് ‘ ആണ്.

ജയിംസിന്റെ നോവലുകളിൽ ഏറ്റവും നിരുപക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ചോരശാസ്ത്രം .ജയിംസിന്റെ ആഖ്യാന പാതയിലെ ഒരു നാഴികക്കല്ലാണ് ഇക്കൃതി . എഴുത്തിനെസ്സംബന്ധിച്ച് പുതിയൊരു  വ്യാകരണവും ലാവണ്യസാരവും കാഴ്ചവയ്ക്കുന്നുണ്ട് ചോരശാസ്ത്രം .പ്രാചീനമായൊരു ശാസ്ത്രത്തെ ആധുനികമായൊരു പശ്ചാത്തലത്തിൽ ചേർത്തുവച്ചു കൊണ്ട് ധർമ്മാധർമ്മങ്ങളെ വിചാരണയ്ക്കു വിധേയമാക്കുന്നു

ചോരശാസ്ത്രം .മനുഷ്യൻ സമ്പാദിച്ചതെല്ലാം കൈവിട്ടു പോകും മുൻപ് അവയെ സ്വയം ഉപേക്ഷിക്കുകയാകുന്നു കരണീയം എന്നൊരു ആത്മവിമോചകമായ സത്യസാക്ഷാത്കാരം ചോര ശാസ്ത്രത്തിന്റെ പൊരുളായി വർത്തിക്കുന്നു. ആ നിലയ്ക്ക് ആർജ്ജനത്തെ സംബന്ധിച്ച മനുഷ്യാഭിലാഷങ്ങളുടെ വ്യർത്ഥതയും അതുളവാക്കുന്ന ശൂന്യതയും കൂടിയാണ് ചോരശാസ്ത്രം ഉദാഹരിക്കുന്നത്.

മോഷണത്തിന്റെ നിഗൂഢ ശാസ്ത്രത്തെ നിഷേധാത്മകമായ ആത്മീയതയുടെ രൂപകമായി വികസിപ്പിക്കുന്ന നോവലാണിത് എന്ന് ഒരു വിമർശകൻ ചൂണ്ടിക്കാട്ടുന്നു. (നാല്)  ഇതിനെ ഒരു പ്രതിനോവൽ എന്നു വിശേഷിപ്പിക്കുന്നു മറ്റൊരു നിരൂപകൻ (അഞ്ച്) ബൗദ്ധികാധിനിവേശങ്ങൾക്കു നേർക്കുള്ള പ്രാദേശിക ജ്ഞാനത്തിന്റെ പ്രതിരോധ ചിന്തയാകുന്നുണ്ട് ചോരശാസ്ത്രമെന്ന നിരീക്ഷണവും (ആറ്)വിമർശക പക്ഷത്തുനിന്നുണ്ടായിട്ടുണ്ട്.

 എന്നിരുന്നാലും വിമർശകശ്രദ്ധ അത്രയധികമൊന്നും ജയിംസിനെ തേടിയെത്തിയിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. രണ്ട് പതിറ്റാണ്ടുകൾക്കു മുൻപ് സമാരംഭിച്ച തന്റെ സാഹിതീസപര്യ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു ജയിംസ് .മലയാളനോവലിൽ തന്റെ സവിശേഷ മുദ്ര ഇതിനകം പതിപ്പിച്ചു കഴിഞ്ഞ ജയിംസ് ഫിക്ഷന്റെ വരാനിരിക്കുന്ന വസന്ത കാലത്തിന്റെ അധിപനായി മാറാനിരിക്കുന്നതേയുള്ളൂ. 

റഫറൻസ്  : 

ഒന്ന് .   അഭിമുഖം.വി.ജെ. ജയിംസ് / കെ.വി.   മണികണ്ഠൻ

സമകാലിക മലയാളം മെയ് 4. 2017.

രണ്ട്.   Discourse in the Novel . Mikhail  M Bakhtin .

മൂന്ന് .   Walden – Henry David Thoreau 

നാല് .      മോഷണപ്രകരണം – ഡോ.വി.സി.ശ്രീജൻ

അഞ്ച് .    ചോരശാസ്ത്രം അറിവും അഭിലാഷവും –ഡോ.പി.കെ.രാജശേഖരൻ .

ആറ് .       ചോര ശാസ്ത്രം ഉത്തരാധുനികതയുടെ ഉപനിഷത്ത്  ഡോ.എം.കൃഷ്ണൻ നമ്പൂതരി 

ഏഴ് . പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം,    നിരീശ്വരൻ, ഒറ്റക്കാലൻ കാക്ക, ലെയ്ക്ക, ദത്താപഹാരം, ആന്റി ക്ലോക്ക് .– വി.ജെ. ജയിംസ് .  

തിരൂർ ബാനർ സാംസ്കാരിക സമിതിക്കുവേണ്ടി അജിത്രി കോട്ടക്കല്‍ സമാഹരിച്ചത് .

🔆🌞🔆🌞🔆

Previous Next