ദില്ലി: ബാലാകോട്ട് മിന്നലാക്രമണത്തിന് ഉപയോഗിച്ച ‘സ്പൈസ് 2000’ ബോംബുകള്‍ കൂടുതല്‍ വാങ്ങാനോരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇസ്രായേലില്‍നിന്ന് 300 കോടി രൂപയ്ക്ക് 100  സ്‌പൈസ് ബോംബുകൾ വാങ്ങാൻ കരാറൊപ്പിട്ടു. ബോംബൊന്നിന് മൂന്നുകോടി രൂപ വീതമാണ് ചെലവ്. മൂന്നുമാസത്തിനുള്ളിൽ ബോംബുകൾ ഇന്ത്യക്ക് നല്‍കും. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഫെബ്രുവരി 27ലെ ബാലാകോട്ട് മിന്നലാക്രമണത്തില്‍ വന്‍ പ്രഹരശേഷിയുള്ള സ്പൈസ് 2000 ബോംബുകള്‍ കാര്യക്ഷമമായിരുന്നുവെന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ നിരീക്ഷണം.

ജെയ്ഷെ മുഹമ്മദിന്‍റെ ബാലാകോട്ടിലെ ഭീകരവാദ കേന്ദ്രങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന വിലയിരുത്തലിലാണ് ഇത്രയും ബോംബുകള്‍ ഇന്ത്യ ഒരുമിച്ച് വാങ്ങുന്നത്. പാകിസ്ഥാനിൽ നിന്നുമുള്ള തീവ്രവാദ ഭീഷണികൾ മുന്‍നിര്‍ത്തിയാണ് വലിയ വിലയില്‍ ബോംബുകള്‍ വാങ്ങാന്‍ വ്യോമസേന ഒരുങ്ങുന്നത്. 

എന്താണീ സ്‌പൈസ് ബോംബുകൾ? 

ഇസ്രായേലി ആയുധ വ്യാപാര സ്ഥാപനമായ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസിന്റേതാണ് സ്‌പൈസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാരക പ്രഹരശേഷിയും കൃത്യതയുമുള്ള ബോംബ്. സ്മാർട്ട്, പ്രിസൈസ് ഇമ്പാക്റ്റ്, കോസ്റ്റ് എഫക്ടീവ് ( “SPICE” – Smart, Precise Impact, Cost-Effective). ഫൈറ്റർ വിമാനത്തിന്‍റെ കോക്ക്പിറ്റിലെ കമ്പ്യൂട്ടർ കൺസോളിൽ നിന്നും അതിലേക്ക് ഒരു സ്മാർട്ട് ലിങ്ക് സാധ്യമാണ് എന്നതാണ് പ്രധാന പ്രത്യേകത. പറന്നുപൊങ്ങും മുമ്പ് എയർ ബേസിൽ വെച്ച് തന്നെ അക്രമിക്കാനുദ്ദേശിക്കുന്ന നൂറോളം ഇടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ഇതിലേക്കു ലോഡ് ചെയ്യാൻ പറ്റും. കൃത്യമായി(precise) ലക്ഷ്യം ഭേദിക്കാൻ ഇതിന് കഴിയും. മൂന്ന്, ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അമേരിക്കൻ, ഫ്രഞ്ച് ബോംബുകളെക്കാൾ വില കുറവാണെന്ന്(cost-effective) നിർമാതാക്കളായ റഫാൽ അവകാശപ്പെടുന്നു. 

ദശാബ്ദങ്ങൾക്കുമുമ്പേ ഇസ്രായേൽ വികസിപ്പിച്ചെടുത്ത ‘പോപ്പ് – ഐ’ എന്ന ‘എയർ ടു സർഫസ്‌’മിസൈലിന്റെ ഏറ്റവും ആധുനികമായ ഒരു വകഭേദമാണ്. ‘സ്‌പൈസ് 2000’  എന്ന ബോംബിന് 60 കിലോമീറ്റർ ദൂരെ നിന്നു തന്നെ ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു പറന്നുചെല്ലാനുള്ള കഴിവുണ്ട്. ‘ഡ്രോപ്പ് ആൻഡ് ഫോർഗെറ്റ്'(Drop & Forget) എന്നതാണ് സ്‌പൈസ് ബോംബിന്‍റെ യുഎസ്‌പി. ഇന്ത്യൻ വ്യോമസേന ഇവയെ മിറാഷ് 2000 വിമാനങ്ങളിലാണ് ഘടിപ്പിക്കുക.