ബെംഗലുരു: കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ബുധനാഴ്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിയിരുന്നു. ഇതിൽ ഒരു കോളേജ് വിദ്യാർത്ഥിയും ഉൾപ്പെട്ടിരുന്നു. ഇന്നാണ് പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

വീഡിയോ പ്രചരിക്കുന്നുവെന്ന് മനസിലായതിന് പിന്നാലെ ഐടി ആക്ട് പ്രകാരം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. വീഡിയോ പ്രചരിക്കുന്നത് തടയാനായിരുന്നു കേസെടുത്തത്. ശേഷം ഇരയായ യുവതിയോട് മുന്നോട്ട് വരാനും പരാതി നൽകാനും പൊലീസ് അഭ്യർത്ഥിച്ചു. 

അഞ്ച് പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരിലൊരാൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. അന്വേഷണം നടക്കുകയാണെന്നും ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

News reporter – Stella John