മുംബൈ: ലോകകപ്പ് ഫൈനലിലെത്താതെ ഇന്ത്യ പുറത്തായതോടെ വിരാട് കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. നിലവില്‍ ഉപ നായകനായ രോഹിത് ശര്‍മ്മയെ ഏകദിന നായക പദവി ഏല്‍പിക്കണം എന്നാണ് ആവശ്യം. ഇക്കാര്യം ബിസിസിഐയിലും ചര്‍ച്ചയാവും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ലോകകപ്പ് അവസാനിച്ചതോടെ മറ്റ് ടീമുകള്‍ അടുത്ത ടൂര്‍ണമെന്‍റിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍സി ഹിറ്റ്‌മാനെ ഏല്‍പിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം എന്ന് ബിസിസിഐയിലെ ഒരു ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് വ്യക്തമാക്കി. 

‘ഏകദിന നായകസ്ഥാനം രോഹിതിനെ ഏല്‍പിക്കാനുള്ള കൃത്യമായ സമയമാണിത്. നിലവിലെ നായകനും മാനേജ്‌മെന്‍റിനും എല്ലാ പിന്തുണയുമുണ്ട്. എന്നാല്‍ അടുത്ത ലോകകപ്പിന് മുന്‍പ് ടീമിന് നവ ഭാവുകത്വം നല്‍കേണ്ടതണ്ട്. ചില മേഖലകളില്‍ മാറ്റം വരുത്താനുണ്ടെന്ന് നമുക്കറിയാം. നായകനാകാന്‍ ഉചിതമായ താരമാണ് രോഹിതെന്നും’ ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി.