കൊച്ചി∙ സിനിമ – സീരിയൽ രംഗത്തേക്കു വിതരണം ചെയ്യാനെത്തിച്ച ഏഴു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ
പിടിയിൽ. ആന്ധ്ര, ഒഡീഷ വനപ്രദേശങ്ങളിൽനിന്ന് ഇടനിലക്കാരില്ലാതെ കഞ്ചാവു ശേഖരിച്ചിരുന്നവരാണു പിടിയിലായത് . ഇവരുമായി ബന്ധപ്പെട്ട സിനിമ – സീരിയൽ രംഗത്തുള്ളവരെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. സ്ഥിരമായി കൊച്ചിയിലേക്കു വൻതോതിൽ കഞ്ചാവു കടത്തിയിരുന്ന യുവാക്കളാണു പൊലീസിന്റെ പിടിയിലായത്. വയനാട് കൽപ്പറ്റ സ്വദേശികളായ ഇജാസ്, നൗഷീർ, ചേർത്തല സ്വദേശി അനസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെ സിനിമ – സീരിയൽ രംഗത്തേക്കാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ആന്ധ്ര, ഒഡീഷ അതിർത്തിയിലെ വനപ്രദേശങ്ങളിൽ കഞ്ചാവ് കൃഷി ചെയ്യുന്നവരിൽനിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവർ കഞ്ചാവ് ശേഖരിച്ചിരുന്നത്. അതിർത്തി ജില്ലയായ റായ്ഗഡയിലെ മട്ടിഗോണ, ലക്ഷ്മിപൂർ, കണ്ഡേശ്വർ എന്നീ ഗ്രാമങ്ങളിൽനിന്നാണ് ഇവർ കഞ്ചാവ് എടുത്തിരുന്നത്.
കിലോയ്ക്ക് 4000 രൂപ നിരക്കിൽ ശേഖരിക്കുന്ന കഞ്ചാവ്, 20,000 രൂപയ്ക്കാണു വിറ്റിരുന്നത്. പ്രതികളിൽ ഒരാളായ അനസ് നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം നടത്തിയിരുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു സിനിമ ലൊക്കേഷനുകളിലേക്ക് കഞ്ചാവെത്തിച്ചിരുന്നത്. ഇവരുമായി ബന്ധപ്പെട്ട സിനിമ – സീരിയൽ രംഗത്തെക്കുറിച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനിടെ ഏഴു പ്രാവശ്യം കഞ്ചാവും ഹഷീഷും ഇവർ കൊച്ചിയിലേക്ക് എത്തി.
സ്വന്തം ലേഖകന്