14
December 2018
Friday
11:08 pm IST
27° C
Partly Cloudy

kozhikode

മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു- റജി നന്തികാട്ട്

November 9, 2018 | 4:16 PM | | admin
miss kumari (1)
സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയ മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരി – റജി  നന്തികാട്ട്    
മലയാള സിനിമയുടെ ആദ്യകാല നായികമാരിൽ സൗന്ദ്യരം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു മിസ്സ് കുമാരി. കോട്ടയം ജില്ലയിൽ ഭരണങ്ങാനത്ത് കൊല്ലപ്പറമ്പിൽ തോമസ് – ഏലിയാമ്മ ദമ്പതിമാരുടെ  ഏഴു മക്കളിൽ രണ്ടാമതായി 1932 ജൂൺ ഒന്നിനായിരുന്നു പിന്നീട് മിസ്സ്‌ കുമാരി എന്നറിയപ്പെട്ട ത്രേസ്യാമ്മ  തോമസിന്റെ ജനനം. വിദ്യാഭാസത്തിൽ മിടുക്കിയായ  ത്രേസിയാമ്മ സ്കൂൾ ഫൈനൽ പാസ്സായശേഷം ആ സ്കൂളിൽ തന്നെ അദ്ധ്യാപികയായി. ജോലിയിൽ പ്രവേശിച്ചു. അന്നൊക്കെ സ്കൂൾ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. 
വീട്ടിൽ വല്യപ്പൻ വലിയ നാടകക്കമ്പക്കാരനായിരുന്നു. വല്യപ്പന്റെ സുഹൃത്തായിരുന്നു അക്കാലത്തെ പ്രമുഖ നാടകനടൻ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ. ഒരു ദിവസം അദ്ദേഹം വല്യപ്പന്റെ അതിഥിയായി വീട്ടിൽ വന്നു.  ത്രേസ്യാമ്മയെ കണ്ടപ്പോൾ ചോദിച്ചു ” ത്രേസ്യാമ്മെ  നിനക്ക് സിനിമയിൽ അഭിനയിക്കാമോ?. ഉദയായുടെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുകയാണ് .” ഭാഗവതരുടെ വാക്ക് കേട്ട് താൽപ്പര്യം തോന്നിയപ്പോൾ വല്യപ്പനെയും കൂട്ടി ആലപ്പുഴയിൽ ഉദയ സ്റ്റുഡിയോയിൽ പോയി. അന്ന് വെള്ളിനക്ഷത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ ദിവസം ആയിരുന്നു. അതിൽ കാര്യമായ റോൾ കിട്ടിയില്ല ഒരു നൃത്ത രംഗത്ത് മാത്രം അഭിനയിച്ചു. എന്നാൽ ഉദയായുടെ രണ്ടാമത്തെ ചിത്രമായ നല്ല തങ്കയിൽ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ നായികയായി. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ കെ. വി. കോശി  ത്രേസ്യാമ്മ എന്ന പേര് മാറ്റി മിസ്സ്‌ കുമാരി എന്നാക്കി. നല്ല തങ്കയുടെ റിലീസോടുകൂടി മലയാള സിനിമയിൽ തിരക്കുള്ള നായികമാരിൽ ഒരാളായി മിസ്സ് കുമാരി വളർന്നു.1950 ൽ നല്ല തങ്കയ്കു ശേഷം രണ്ടു സിനിമകളിലും കൂടി നായികയായി മിസ്സ് കുമാരി അഭിനയിച്ചു യാചകിയും നവലോകവും. ഇതിൽ യാചകി പരാജയം ആയിരുന്നെങ്കിലും വി.കൃഷ്‌ണൻ സംവിധാനം ചെയ്ത നവലോകം  വൻ വിജയം ആയിരുന്നു. ഈ ചിത്രത്തിൽ നായകൻ തിക്കുറിശ്ശി സുകുമാരൻ നായർ ആയിരുന്നു.
1953 ൽ മിസ്സ് കുമാരിയുടേതായ അൽഫോൻസ, ആത്മസഖി,ആത്മശാന്തി എന്നീ മൂന്ന് ചിത്രങ്ങൾ പുറത്തു വന്നു.ഇതിൽ ആത്മസഖിയായിരുന്നു മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാക്കളായ നീല പ്രൊഡക്ഷന്റെ ആദ്യ ചിത്രം. സംവിധായകൻ  പി. സുബ്രഹ്മണ്യവും നായകൻ സത്യനും ആയിരുന്നു. സത്യന്റെ റിലീസ് ചെയയപ്പെട്ട ആദ്യ ചിത്രവും ആത്മസഖിയായിരുന്നു.1953 ൽ തന്നെ തിക്കുറിശ്ശി സുകുമാരൻ നായർ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ശരിയോ തെറ്റോ എന്ന ചിത്രവും റിലീസ് ചെയ്തു. നായകൻ തിക്കുറിശ്ശി സുകുമാരൻ നായർ ആയിരുന്നു. ചിത്രം   വലിയ വിജയമായിരുന്നു. പിന്നീട് തുടരെ ചിത്രങ്ങളിൽ അഭിനയിച്ച മിസ്സ് കുമാരി മലയാള സിനിമയുടെ  ഒന്നാംനിര നായികയായി വളർന്നു. 1954 ൽ സത്യനോടൊപ്പം അഭിനയിച്ച  നീലക്കുയിൽ മലയാള സിനിമാ ചരിത്രത്തിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ആ ചിത്രത്തോടെ സത്യൻ – മിസ്സ് കുമാരി ജോഡി മലയാള സിനിമയിലെ ഏറ്റവും മൂല്യമുള്ള താര ജോഡിയായി മാറി.1949 മുതൽ 1961 വരെയുള്ള കാലഘട്ടത്തിൽ വളരെ കുറച്ചു മാത്രം സിനിമകൾ റിലീസ് ചെയ്തരിരുന്ന മലയാള സിനിമയുടെ ആരംഭകാലത്തു 50 സിനിമകളിൽ അഭിനയിച്ചു എന്നത് തന്നെ മലയാള സിനിമയിൽ മിസ്സ് കുമാരിയുടെ സ്ഥാനം വെളിവാക്കുന്നു.
സിനിമയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ  1962 ൽ ആയിരുന്നു വിവാഹം. FACT യിൽ എഞ്ചിനീയർ  ആയിരുന്ന ഹോർമിസ് തളിയത്ത്‌ ആയിരുന്നു ഭർത്താവ്.  വിവാഹാനന്തരം ഭർതൃവീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അഭിനയം തുടരാൻ സാധിച്ചില്ല. പതുക്കെ പതുക്കെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്നും വീടിന്റെ നാല് ചുമരുകൾക്കുള്ളിലേക്ക് മിസ്സ് കുമാരിയുടെ ജീവിതം ചുരുങ്ങി.
മിസ്സ് കുമാരി പങ്കെടുത്ത അവസാനത്തെ പൊതു ചടങ്ങ് എറണാകുളം മഹാരാജാസ് കോളേജിൽ 1967 ൽ നടന്ന ചടങ്ങാണ്. അന്ന് എസ്. ജമാൽ , പി. ബി. ശ്രീനിവാസ് എന്നീ ഗായകരോടൊപ്പം മിസ്സ് കുമാരിയും പങ്കെടുത്തു. ചടങ്ങിന്റെ സംഘാടകരിൽ ഒരാളായി മുൻ എംപി സെബാസ്റ്റ്യൻ പോളും ഉണ്ടായിരുന്നു. ഗംഭീരമായ ഒരു ചടങ്ങായിരുന്നെങ്കിലും ചടങ്ങിൽ ഉടനീളം മിസ്സ് കുമാരി വളരെ നിരാശഭാവത്തിലായിരുന്നു. 
മിസ്സ് കുമാരിയുടെ അവസാനത്തെ രണ്ടു വർഷം വളരെ ദുരിത പൂർണമായിരുന്നു. ഈ കാലത്ത് പ്രമുഖനായ ഒരു നിർമാതാവ് തന്റെ പടത്തിൽ മിസ്സ് കുമാരിയെ അഭിനയിപ്പിക്കാൻ ഒരു ശ്രമം നടത്തി മിസ്സ് കുമാരിക്ക്   ആഗ്രഹം ഉണ്ടയിരുന്നുവെങ്കിലും വീട്ടുകാരുടെ കഠിനമായ എതിർപ്പിനെ തുടർന്ന് ആ ശ്രമം വിജയിച്ചില്ല. 
1969 ജൂൺ പത്തിന് മലയാളി ഉണർന്നത് തങ്ങളുടെ പ്രിയ താരം മിസ്സ് കുമാരി അന്തരിച്ചു എന്ന വാർത്ത കേട്ടാണ് . പത്രങ്ങളുടെയെല്ലാം തലക്കെട്ട് മിസ്സ് കുമാരിയുടെ മരണം ആയിരുന്നു. പക്ഷെ വിശദമായി ഒന്നുമില്ല. വയറുവേദനയെ തുടർന്ന് മിസ്സ് കുമാരിയെ ഉദ്യോഗമണ്ഡലിലുള്ള ജവഹർലാൽ നെഹ്‌റു ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണം സംഭിവിക്കുകയും ആയിരുന്നു. സംസ്കാരം ഭരണങ്ങാനത്ത് നടന്നു. ഇതായിരുന്നു വാർത്ത . സിനിമാലോകത്ത്  വളരെയധികം ചർച്ച ചെയ്യപ്പെട്ടു മിസ്സ് കുമാരിയുടെ മരണം. മിസ്സ് കുമാരയുടെ വീട്ടുകാർ കൂടുതൽ താല്പര്യം പ്രകടിപ്പിക്കാഞ്ഞത് കൊണ്ട് കൂടുതലായി അന്വേഷണം ഒന്നും നടന്നില്ല. എങ്കിലും ഇന്നും മിസ്സ് കുമാരിയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി പഴയ തലമുറയിൽപ്പെട്ട ആളുകൾ വിശ്വസിക്കുന്നു. 
മിസ്സ് കുമാരിയുടെ മരണത്തിനു ശേഷം 3 കുട്ടികളെയും മിസ്സ് കുമാരിയുടെ വീട്ടുകാർ ഭരണങ്ങാനത്ത് കൊണ്ടുവന്നു. കുട്ടികളായ ജോണിയും തോമസും ബാബുവും പഠിച്ചത് ഭരണങ്ങാനത്താണ് . ജോണിയാണ് കുടുബ  വീട്ടിൽ താമസിക്കുന്നത്. തോമസ് കാലിഫോർണിയായിൽ എഞ്ചിനീയാറാണ്. ബാബു തളിയത്ത് 
അറിയപ്പെടുന്ന വിദ്യാഭാസ വിചക്ഷണൻ ആണ്.
തയ്യാറാക്കിയത് – റജി നന്ദിക്കാട്ട് , ലണ്ടന്‍  .
Previous Next