16
October 2018
Tuesday
10:12 am IST
25° C
Rain

kozhikode

നീന്തിത്തളർന്ന് ജോൺസൺ പറഞ്ഞു: ‘എനിക്കു പറ്റുന്നില്ലെടാ, ഞാൻ പോകുന്നു’

December 3, 2017 | 2:46 AM | | admin
boat-rescue.jpg.image.784.410

തിരുവനന്തപുരം∙ അപകടത്തിൽ മരിച്ച ക്രിസ്റ്റി സിൽവദാസന്റെ വീട്ടിലെ ശുശ്രൂഷകൾ പുരോഗമിക്കുമ്പോൾ തൊട്ടടുത്ത്     വീട്ടിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രത്നമ്മ രണ്ടു മക്കൾക്കായി നിലവിളിക്കുകയായിരുന്നു. ഭർത്താവ്  വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ രത്നമ്മയ്ക്ക് എല്ലാമെല്ലാമായിരുന്നു മക്കൾ. ബുധനാഴ്ച് ഉച്ചയ്ക്കു ശേഷമാണു  മക്കളായ ജോൺസണും ജെയിംസും രണ്ടു വള്ളങ്ങളിലായി കടലിൽ പോയത്. 
ഇളയ മകൻ ജെയിംസാണു താങ്ങും തണലുമായി രത്നമ്മയ്ക്കൊപ്പം വീട്ടിൽ താമസം. മൂത്ത മകൻ ജോൺസണും കുടുംബവും തൊട്ടടുത്ത വീട്ടിലും. ജോൺസൺ പോയ ബോട്ടിലെ നാലു പേർ മടങ്ങിവന്നു. കാറ്റിൽ ബോട്ട് മറിഞ്ഞപ്പോൾ കൈകൾ .കോർത്തുപിടിച്ചെങ്കിലും ജോൺസന്റെ കൈകൾ കുഴഞ്ഞുപോയെന്നു ഒപ്പമുള്ളവർ പറയുന്നു. “സുനിലേ, എനിക്കു പറ്റുന്നില്ലെടാ, നിങ്ങൾ കയറിക്കോ, ഞാൻ പോകുന്നു” എന്നു പറഞ്ഞു കയ്യിലെ പിടിവിട്ടു. തൊട്ടുമുകളിലൂടെ .വന്ന ഹെലികോപ്റ്റർ താഴ്ന്ന് അടുത്തുവരെയെത്തിയിട്ടു തിരികെപ്പോയെന്നും ഇവർ പറയുന്നു. കയ്യിലുണ്ടായിരുന്ന തുണി പറ്റാവുന്നത്ര ശക്തിയിൽ വീശി. അവരപ്പോൾ വന്നിരുന്നെങ്കിൽ എന്റെ മോനെ  കാണാതാകില്ലായിരുന്നു – രത്നമ്മയുടെ തൊണ്ടയിടറി.  വിഴിഞ്ഞത്തു നിന്നു വന്ന ബോട്ടിലാണു ബാക്കിയുള്ളവരെ കരയ്ക്കെത്തിച്ചത്. മൂത്തമകനു മൂന്നു പെൺമക്കളാണ്. ഇളയ മകനെക്കുറിച്ചും വിവരമില്ല. മക്കൾ വരുംവരെ രാത്രിയിൽ ഇനി രത്നമ്മ ഒറ്റയ്ക്കാണ്. പതിവുപോലെ പുലർച്ചെ കൈനിറയെ മീനുമായി മക്കളെത്തുമെന്ന പ്രതീക്ഷയിൽ കണ്ണുംനട്ടിരിക്കും ഈ അമ്മ. 

സ്വന്തം ലേഖകന്‍ 

Previous Next