അയല്‍വക്കത്തെ പയ്യൻ വന്ന് എന്റെ കയ്യിൽ ഒരെഴുത്ത് തന്നു. ഞാനത് വായിച്ചു. ഒരു പ്രേമലേഖനമായിരുന്നത്. ഈ എന്റെ കോലത്തിനെ സ്നേഹിക്കാനും പെൺകുട്ടിയോ എന്നെനിക്ക് തോന്നി. അല്ലെങ്കില്‍ തന്നെ പ്രേമത്തിന് കണ്ണും കയ്യും കാലും ഇല്ലല്ലോ? പ്രേമിക്കാൻ നടന്നാൽ ഉപ്പാടെ കയ്യിൽ നിന്നും കിട്ടുന്ന ചൂരൽ കഷായത്തിന്റെ വേദന ആലോചിച്ചപ്പോൾ സന്തോഷം കൂടുതൽ നിന്നില്ല. ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന ഒരു പ്രേമലേഖനം. ഞാനത് രണ്ടു മൂന്നാവര്‍ത്തി വായിച്ചു. എന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ആ പയ്യൻ പറഞ്ഞു.. ഈ കത്തിലെ അക്ഷരതെറ്റ് തിരുത്തി തരാൻ സാറത്ത പറഞ്ഞു. ഈ കത്ത് സിൽബൂനിക്കാക്ക് കൊടുക്കാനാ’. സ്കൂളിലും പിന്നെ കോളേജിലും പഠിക്കുമ്പോള്‍ ഇടയ്ക്കിടെ എന്തെങ്കിലും സാഹിത്യം കുത്തിക്കുറിക്കുന്ന അസുഖം (?) ഉള്ളത് കൊണ്ട് എന്നെ പ്രേമിച്ചു എന്ന് ഞാന്‍ തെറ്റിധരിച്ചതാണ്. ഗണപതിക്ക് വെച്ചത് കാക്കകൊണ്ട് പോയി. സാരമില്ല. ഞാനതിലെ തെറ്റുകളെല്ലാം തിരുത്തി ആ പയ്യന്റെ കയ്യില്‍ കൊടുത്തു. സാറയെ എനിക്കറിയാം. വീട് ചാവക്കാട് ആണ്. എന്റെ വീടിന്നടുത്തുള്ള സാറയുടെ ഉമ്മാടെ തറവാട്ടില്‍ നിന്നാണ് സാറ കാട്ടൂര്‍ ഹൈസ്കൂളില്‍ പോകുന്നത്. ഒരു പാടത്തിന്റെ കരയിലാണ് ആ വീട്. ഞാന്‍ കോളെജിലേക്ക് സൈക്കിളില്‍ പോകുമ്പോള്‍ പാടത്ത് നിന്ന് കൂട്ടുകാരിയുമായി സാറ സ്കൂളിലേക്ക് പോകുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ കാണുമ്പോള്‍ ഒരു പ്രത്യേക ചിരി ചിരിക്കാറുമുണ്ട്.പക്ഷെ ഈ സില്ബൂനിയെ എനിക്ക് അറിയില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു പയ്യന് ഒരെഴുത്തുമായി വീണ്ടും എന്റെ അടുത്ത് വന്നു. ‘ജബ്ബാറേട്ടാ ഈ കത്ത് സില്ബൂനിയേട്ടന് തന്നതാണ്. ഇതിനൊരു മറുപടി എഴുതി തരാന്‍ പറഞ്ഞു. ഞാന്‍ തിരുത്തി കൊടുത്തയച്ച കത്ത് സില്‍ബൂനി എന്റെ കയ്യില്‍ മറുപടി എഴുതി കൊടുക്കാന്‍ പറഞ്ഞു കൊടുത്തയച്ചിരിക്കുന്നു. ഞാന്‍ പ്രേമലേഖനം എഴുതുന്ന കാര്യത്തില്‍ വട്ടപൂജ്യമാണ്. എങ്കിലും വയലാര്‍ രാമവര്‍മയ്ക്ക് മനസ്സാല്‍ മാപ്പ് പറഞ്ഞു ഇങ്ങിനെ എഴുതി… ”’ അറബിക്കടലൊരു മണവാളനല്ലേ?ആ അറബിക്കടല്‍ ഞാനാണെന്ന് വിചാരിക്കുക. കരയോ നിന്നെ പോലെ മണവാട്ടിയാണ്. പണ്ടൊക്കെ ഈ പായിലിരുന്ന് നമ്മള് എത്ര കവിത എഴുതി. കടലല നല്ല കഴിത്തോഴനാണ്. കാറ്റാണെങ്കില്‍ നല്ലൊരു കളിതോഴിയാണ്.” കൂടാതെ നമ്മുടെ പ്രേമം വിവാഹത്തിൽ ചെന്നെത്തെണമെന്നും നമ്മുടെ രക്ഷിതാക്കൾ സമതിച്ചില്ലെങ്കിൽ ഒളിച്ചോടണമെന്നും പ്രത്യേകം എഴുതി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സാറയെ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ അവളെന്റെ മുഖത്ത് നോക്കി ചിരിച്ചു. ‘കള്ളാ, നിനക്ക് ഈ പ്രണയലേഖനം എഴുതുന്നതിലും കഴിവുണ്ട്’ എന്നാണോ അവള് ചിരിച്ചതിന്റെ പൊരുള്‍. ഞാന്‍ മലയാള ഗാനം കോപ്പിയടിച്ചതാണെന്ന് അവള്‍ക്കറിയില്ലല്ലോ? സിൽബൂനി എന്നൊരു പേര് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല. ഇങ്ങിനെ ഒരു പേരുള്ള ഒരാളെയും ഞാൻ ഇന്നാട്ടിൽ കണ്ടിട്ടില്ല. ഇനി ഒരു പക്ഷെ അതൊരു ചെല്ലപ്പേര് ആയിരിക്കാം. അന്ന് രാത്രി ഉപ്പ കടപൂട്ടി വന്നപ്പോള്‍ എന്നെ സാധാരണയല്ലാത്ത ഒരു നോട്ടം നോക്കിയോ എന്നെനിക്കൊരു സംശയം. ആ നോട്ടത്തില്‍ ഒരു വശപിശകുള്ളപോലെ. ഒരു പക്ഷെ എന്റെ തോന്നലാവാം. കുറച്ചു ദിവസത്തേക്ക് സാറയെ ഞാന്‍ കണ്ടില്ല. വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സാറാടെ പയ്യൻ മറ്റൊരു എഴുത്തുമായി തെറ്റ് തിരുത്താന്‍ എന്റെ അടുത്ത് വന്നു. അതിൽ ഒളിച്ചോടുന്നത് സ്വന്തം മതത്തിൽ പെട്ട ആളാണെങ്കിലും തെറ്റാണെന്ന് സവിസ്തരം എഴുതിയിട്ടുണ്ട്. നമ്മെ മാതാപിതാക്കൾ എത്രയോ കഷ്ടപ്പെട്ടാണ് വളർത്തിയത്. അവരെ വിഷമിപ്പിച്ചു ഒളിച്ചോടുന്നത് തികച്ചും തെറ്റാണ്. നമ്മൾക്ക് മാതാപിതാക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്പത്ത് നമ്മൾ അവരെ വയസ്സ് കാലത്ത് ശുശ്രൂഷിക്കുന്നതൊ നമ്മൾ അവർക്ക് പണം കൊടുക്കുന്നതോ അല്ല, മറിച്ച് അവരുടേയും നമ്മുടെയും പേര് മോശമാക്കാതെ ജീവിക്കുന്നതാണെന്നും എഴുതിയിട്ടുണ്ട്. അത് മാത്രമല്ല, ദാമ്പത്യജീവിതത്തിൽ എന്തെങ്കിലും പൊട്ടലോ ചീറ്റാലോ ഉണ്ടായാൽ അറേഞ്ച് മാര്യേജ് ആണെങ്കിൽ അവർ നമുക്ക് സഹായി ആവുമെന്നും അവൾ എഴുതി. ആ കത്തിലെയും തെറ്റുകൾ ഞാൻ തിരുത്തിക്കൊടുത്തു. കോളെജിലേക്ക് പോകുമ്പോൾ ഒരിക്കൽ പാടത്തെ വരമ്പിലൂടെ കൂട്ടുകാരിയുമായി സാറ നടന്നു വരുന്നത് കണ്ടു. അവൾ അടുത്തെത്തിയപ്പോൾ ഞാനെന്റെ സൈക്കിളിന്റെ വേഗത കുറച്ചു. അപ്പോൾ കൂട്ടുകാരി കുറച്ചു മുന്നിലൊട്ട് നീങ്ങി നിന്നു. ‘ സിൽബൂനി ആരാണ് സാറാ???’. ഞാനെന്റെ സംശയം പ്രകടിപ്പിച്ചു. ‘സിൽബൂനിയോ… അത്… പിന്നെ….’.ഇത്രയും എന്നോട് പറഞ്ഞിട്ടു അവൾ കൂട്ടുകാരിയോട് ‘തങ്കമണീ… ദാ വരുന്നൂ’. എന്ന് പറഞ്ഞു കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിപ്പോയി. ഞാൻ വീണ്ടും സിൽബൂനിക്കു വേണ്ടി കത്തെഴുതിക്കൊണ്ടിരിക്കുമ്പോൾ ഉപ്പാട് ഉമ്മ പറയുന്നത് കേട്ടു. ‘ജബ്ബാർ പഠിക്കുന്നുണ്ടോ എന്നൊക്കെ ഒന്ന് ശ്രദ്ധിക്കണം. എപ്പോൾ നോക്കിയാലും അവന്റെയടുത്ത് ചില കുട്ടികൾ വന്ന് എന്തൊക്കെയോ എഴുതുന്നത് കണ്ടു’. ഉപ്പാടെ ചൂരൽകഷായത്തിന്റെ വേദന മനസ്സിൽ വന്നു. അവൻ എന്തെങ്കിലും പഠിക്കാനുള്ള കാര്യങ്ങൾ ചെയ്യുകയാവും എന്ന ഉപ്പാടെ മറുപടി കേട്ടപ്പോൾ എനിക്ക് സമാധാനമായി. പിന്നെയും കുറച്ചു നാളുകൾ സാറാടെ എഴുത്ത് തിരുത്തികൊടുക്കലും അവൾ സിൽബൂനിക്ക് കൊടുത്ത കത്തിന് മറുപടി എഴുതി കൊടുക്കലും പൂർവാധികം ഭംഗിയോടെ നടന്നു. ഈ സിൽബൂനി ആരാണെന്നറിയാനുള്ള ജിജ്ഞാസ എനിക്ക് കൂടിക്കൂടി വന്നു. ഒരു ദിവസം ഓണം വെക്കേഷന് ചാവക്കാടുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ അവൾ കാട്ടൂർ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.. ‘ആരാണീ സിൽബൂനി??’ അത്…അത്… എന്ന് പറഞ്ഞു അവൾ എന്റെ നേരെ കൈചൂണ്ടി ചാവക്കാടന്‍ ഭാഷയില്‍ പറഞ്ഞു.. അത് ഇങ്ങളാ ….. തൃപ്രയാറിലെക്കുള്ള ബസ്സിൽ കയറി അവൾ പോവുകയും ചെയ്തു. ഞാനാണത്രെ ഇത്ര നാളും അവൾ കരുതിയിരുന്ന സിൽബൂനി…. ** ‘കുറെ നേരമായല്ലോ പെട്ടിയിൽ നിന്നും പഴയ കത്തുകളൊക്കെ എടുത്തു വായിക്കുന്നത്?കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ആയി’. സാറയുടെ വാക്കുകളാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. ഞങ്ങളുടെ വീട്ടുകാർ തമ്മിൽ ഉറപ്പിച്ചു ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു വർഷമായി. ഒരു രസത്തിനാണ് ആ കത്തുകളൊക്കെ വായിച്ചത്. ഞാൻ ഇന്നലെ ഗൾഫിൽ നിന്നും വന്നതേയുള്ളൂ. ‘വേഗം വാ.. ദേ.. ഭക്ഷണം കൊണ്ട് വെച്ചിട്ടുണ്ട്…’ ആ ഭക്ഷണത്തിന് ഇന്നും നല്ലൊരു രുചി… ജീവിതത്തിലാണെങ്കിൽ തേനും വയമ്പും…. ——————————— മേമ്പൊടി: മറക്കാൻ കഴിയുമോ പ്രേമം മനസ്സിൽ വരയ്ക്കും വർണചിത്രങ്ങൾ മായ്ക്കാൻ കഴിയുമോ? സില്‍ബൂനി പ്രേമം (കഥ) By ഷെരീഫ് ഇബ്രാഹിം.
|