19
November 2018
Monday
01:43 am IST
25° C
Mostly Cloudy

kozhikode

തിരോധാനം – കവിത – ദുർഗ്ഗ പ്രസാദ്

November 4, 2018 | 11:51 AM | | admin
45433158_1678959045541453_3593319731760726016_o

 

….. …..

തിരയുന്നു ഞാൻ നിത്യം
നിന്നെയീ മണ്ണിൽ നീണ്ട
പല കാലമായ് നീയെന്തി –
ത്രമേലൊളിക്കുവാൻ
അറിയാനുണ്ടുള്ളിലൊ-
രാശയും ജിജ്ഞാസയും
അകലെയെങ്ങാണു
നിന്നജ്ഞാതവാസസ്ഥലം?
പറയൂ നിനക്കെന്തേ പറയാന്മടി
തെല്ലും ഭയമേ വേണ്ടാ കൂടെ –
യുണ്ടു ഞാനറിക നീ
വിരിയും മുറിവുകളിലുള്ളി –
ലായ് വീണ്ടും നിന്നിൽ
ചുരികത്തുമ്പിന്മൂർച്ച
ഭീതിയായ്പ്പടർത്തിയോ
എരിയും ചിതയിലെ
കനലിന്നുള്ളിൽ നിന്റെ
മിഴിയിൽത്തിളങ്ങിയോ –
രോർമ്മകളുരുകിയോ?
ഇരവിൽ മറഞ്ഞെത്തി –
ക്കടിച്ചു കുടഞ്ഞീടുമിരു-
ണ്ട ചെന്നായ്ക്കൾ തൻ
ചിരിയെപ്പേടിക്കുന്നോ?
ഇനിയും തുറക്കാത്തോ –
രലമാരയിൽ ചെറുഫയലി –
ലിരുവാലൻ പുഴുവിന്നാഹാരമോ?
രക്തനാടയിൽ നിന്റെ
കൈകളിന്നുടൽ ചേർത്തു
കെട്ടിയോ? വിധിയെന്തെ-
ന്നോർത്തോർത്തു ദ്രവിക്കയോ?
മനസിന്നടിത്തട്ടിലേകയായ്
മൗനം പൂണ്ടു തപസ്സിലാണോ?
സർവ്വസംഗവും ത്യജിച്ചുവോ?
അട്ടിയായടുക്കിയ നോട്ടു –
കെട്ടുകൾക്കുള്ളിലട്ടയെ –
പ്പോലെ ചുരുണ്ടുറങ്ങി –
ക്കിടക്കയോ?
വ്യക്തമായ്പ്പറയുമ്പോള-
രുതെന്നാരോ നിന്റെ കുത്തിനു –
പിടിച്ചു കണ്ണുരുട്ടി നോക്കുന്നുവോ?
അരയിൽക്കല്ലുംകെട്ടി –
യനന്തമാമാഴത്തിലെ-
റിയപ്പെടുകയോ?
മുങ്ങി നീ മരിക്കയോ?
തിരികെ വരുമെത്രകാലമാ-
കിലുമെനിക്കറിയാം നിന്റെ
വരവിന്നു കാത്തിരിപ്പു ഞാൻ
ഒളിച്ചും പാത്തും വീണ്ടും വരിക
കഴുകന്മാരുറങ്ങിക്കിടക്കു-
മ്പോൾ തിരശ്ശീല നീക്കുക
മുഴക്കൂ പെരുമ്പറയുണർ-
ന്നീടട്ടെ സർവ്വം മിഴികൾ തുറക്കട്ടെ
സത്യമേ നിന്നെക്കാണ്മാൻ……….

ദുർഗ്ഗ പ്രസാദ്

(പ്രിയ ജ്യേഷ്ഠൻ കൃഷ്ണകുമാർ കടമ്പൂരിന്റെ പ്രഭാഷണത്തോട് കടപ്പാട്)

Previous Next