31
May 2020
Sunday
07:30 pm IST
Kozhikode
28°
Mostly Cloudy

ഒരുകുഞ്ഞുനോവ്‌ – കഥ – അജി എസ്സ് കൊല്ലം

October 13, 2017 | 10:01 AM | | admin
22473344_994402834033037_721020393_o

     

   വസന്തം പൂമേടയൊരുക്കി പല വര്‍ണ്ണങ്ങളില്‍ പുഷ്പിച്ചു നില്‍ക്കുന്ന മഹാനഗരം,ശരത് കാലത്തിന്‍റെ ഉഷ്മളത ഓരോത്തരിലും ആവാഹിച്ചു ദുബായ് നഗരം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു ഡിസംബര്‍, മനസ്സില്‍ തട്ടിയ ചില കാഴ്ചകള്‍ എന്നും പ്രതിബിംബങ്ങളായി ജ്വലിച്ചു  കൊണ്ടിരിക്കും, ഓഫീസിലെ കുഞ്ഞു തിരക്കുകള്‍ക്കിടയില്‍  അവിചാരിതമായി എത്തിയ ഒരു ഫോണ്‍കാള്‍ എന്നെ വല്ലാതെ അലോസരപെടുത്തി.

ഒരുപാടു മോഹങ്ങളും പ്രതീഷകളും പേറി ഒട്ടനവധി ആള്‍ക്കാര്‍ ഈ  മഹാനഗരത്തില്‍ എവിടെയൊക്കെയോ എത്തപെടുന്നുണ്ട്; എന്നാല്‍ ഒന്നും ഒന്നുമാകാതെ എങ്ങിനെയൊക്കെയോ ജീവിതം ഹോമിച്ചു തീര്‍ക്കുന്ന അനവധി നിരവധി  ജീവിതങ്ങള്‍..

 ഉറക്കം എന്നെ വല്ലാതെ തളര്‍ത്തിയ ആ രാത്രിയില്‍ വീണ്ടും മൊബൈല്‍ ശബ്ദിച്ചു, അവളായിരുന്നു അങ്ങേ തലയ്ക്കല്‍,

“സര്‍,എനിക്ക് എങ്ങിനേം ജോലി ഒപ്പിച്ചു തരണം,താങ്കള്‍ വിചാരിച്ചാല്‍ നടക്കും, എനിക്കുറപ്പുണ്ട്”.

‘ഞാന്‍ ശ്രമിക്കുന്നുണ്ട്,എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയുന്നുണ്ട്,കുട്ടി വിഷമിക്കണ്ട.’

“സര്‍ എന്റെ വിസ തീരാന്‍ ഇനി 2ആഴ്ചയേ ഉള്ളു…”

ഞാന്‍ കുറച്ച് ദേഷ്യഭാവത്തില്‍ സംസാരിക്കാന്‍ തുടങ്ങി,

‘നാളെ നീ ഓഫീസിലേക്ക് വരൂ, നമുക്ക് സംസാരിക്കാം.’

അതവള്‍ക്ക് തെല്ല് ആശ്വാസം ആയ പോലെ തോന്നി, അവള്‍ വരാം എന്ന് പറഞ്ഞ് കട്ട് ചെയ്തു, ഞാന്‍ എന്‍റെ തമോമണ്ടലത്തില്‍,ഊര്‍ജ്ജം കെടാതെ പലവുരു പലച്ചിന്തകള്‍ക്ക് വഴിമരുന്നിട്ട് ആ രാത്രിക്ക് അന്ത്യം കുറിച്ചു.

രാവിലെ ഓഫീസിലെ തിരക്കുകള്‍ക്ക് ഇടയില്‍ ഞാന്‍ അവളെ കുറിച്ചോര്‍ത്തു, റിക്രുറ്റ്മെന്‍റ് സെക്ഷനില്‍ അവളെ കുറിച്ച് അനേഷിച്ചു, ലെബനോന്‍കാരിയായ ഓഫീസെര്‍ക്ക് അവളെ ഒട്ടും ഇഷ്ടമായില്ല,ഒരുപാടു കമ്മെന്റുകള്‍ അവള്‍ടെ സീ വി യില്‍ വരച്ചിട്ടിരിക്കുന്നു, അവളോടു എന്തു ഉത്തരം പറയും എങ്ങിനെ അവതരിപ്പിക്കും എന്നോര്‍ത്ത് ഞാന്‍ ചിന്താകുലനായി.

മോഹങ്ങളും സ്വപനങ്ങളും വിയര്‍പ്പുതുള്ളികളാക്കി, നേടുന്നതില്‍ നിന്നും മിച്ചം പിടിച്ചു,വീട്ടുകാരുടെ സുഖസൗകര്യങ്ങള്‍ക്കായി സ്വയം മറന്നു നെട്ടോട്ടം ഓടുന്ന കുറച്ചധികം മനുഷ്യജന്മങ്ങള്‍..

നേരം വളരെ വൈകിയിരുന്നു, ഓഫിസ്‌ തിരക്കുകള്‍ കഴിഞ്ഞ ഞാന്‍ ഫയലുകള്‍ മാറ്റുന്നതിനിടയില്‍ വീണ്ടും ആ  കുട്ടിടെ സീവി കണ്ണില്‍ പെട്ടു.അതില്‍ കണ്ട നമ്പറിലേക്ക് വിളിച്ചു, മൂന്നു നാലുതവണ റിംഗ് കമ്പ്ലീറ്റ്‌ അടിച്ചു നിന്നെങ്കിലും ഒരു അനക്കവും ഉണ്ടായില്ല, എന്തോ ഒരു അസ്വഭാവികത മനസ്സില്‍ ഒരു കാര്‍മേഘമായി ഉടലെടുത്തിരുന്നു, ഓഫീസില്‍ നിന്നും ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒരു കാള്‍ വന്നു..അതിന്റെ അങ്ങേ തലയ്ക്കലായി ഒരു ഫിലിപ്പൈന്‍സ്കാരി, ഒരു ക്ലിനിക്കില്‍ നിന്നും ആണ്, അവള്‍ ഫോണ്‍ കൈ മാറി,

“സര്‍ ഞാനാണ്‌, ഞാന്‍ ഇവടെ ഒരു ക്ലീനിക്കില്‍ വന്നതായിര്നു, പ്രതീഷിച്ച പൈസ കൈല്‍ ഉണ്ടായിരുന്നില്ല, കൂട്ടുകാരി പൈസയുമായി വരുന്നത് വരെ ഇവടെ ഇരിക്കാന്ന്‍ വെച്ചു, അതാണ്‌ അങ്ങോട്ട്‌ വാരാതിരുന്നത്”.

ക്ലിനിക്കിന്റെ അഡ്രസ്‌ ചോദിച്ചറിഞ്ഞു, ഞാന്‍ അങ്ങോട്ടു നീങ്ങി.     സന്ധ്യ നിഴല്‍ വിരിച്ച വഴികളിലൂടെ ഞാന്‍ നടന്നു, തണുത്ത കാറ്റ് വീശുന്നുണ്ടായിര്‍ന്നു,മനസില്‍ എന്തെന്നില്ലാത്ത ആകുലതകള്‍ വേട്ടയാടി കൊണ്ടിര്‍ന്നു,നിറം മങ്ങിയ ഒരു ദിവാസ്വപ്നം പോലെ മനസ്സിനെയും ശരീരത്തേയും ഇളക്കി മറിക്കുന്ന ഒരു തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി..,എന്നെ മുഖം തിരിച്ചു ചീറി പായുന്ന വണ്ടികളുടെ അലര്‍ച്ച ഞാന്‍ അറിഞ്ഞില്ല, പലരും പലവഴികളില്‍ എത്തിപ്പെടാന്‍ കാണിക്കുന്ന തിടുക്കം റോഡില്‍ വായു വേഗത്തില്‍ പാഞ്ഞു കൊണ്ടേ ഇരുന്നു

അവര്‍ പറഞ്ഞ ക്ലിനിക്കില്‍ ഞാന്‍ എത്തി, റിസെപ്ഷനിലെ സുന്ദരിയായ ഫിലിപ്പൈന്‍സ്കാരിയോട് അന്വേഷിച്ചു. അവള്‍ വിസിട്ടേഴ്സ് ഹാളില്‍ ഇരിക്കുന്ന കറുത്ത ചുരിദാര്‍ ധരിച്ച, തലയിലൂടെ തട്ടമിട്ട ആ സുന്ദരിയെ കാട്ടിതന്നു. എന്നെ കണ്ടതും അവള്‍ പരിചിതം നടിച്ച് ബഹുമാനസൂചന എണീറ്റ്‌ നിന്നു.

ഞാന്‍ അവളെയും വിളിച്ച് റിസെപ്ഷനില്‍ എത്തി. പൈസ ഞാന്‍ കൊടുത്തു..വേണ്ട എന്നവള്‍ നിര്‍ബന്ധിച്ചെങ്കിലും, പിന്നീട് തന്നാല്‍ മതി  എന്നു പറഞ്ഞ് ഞാന്‍ സമാധാനിപിച്ചു.ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി, സന്ധ്യയുടെ നിറം കടും കറുപ്പായി രൂപപെട്ടിരുന്നു, അവള്‍ നിശബ്ധമായി എനിക്കൊപ്പം നടന്നു, എന്തു പറയണം എന്ന് എനിക്കും ഒരു നിശ്ചയം ഉണ്ടായില്ല. അടുത്തുള്ള ഒരു പാര്‍ക്കിന്‍റെ ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു, അവള്‍ക്ക് ജോലിയെ കുറിച്ചറിയാനുള്ള തിടുക്കമുണ്ടായിര്‍ന്നു,

“സാര്‍, എന്‍റെ ജോലി?”

‘തനിക്ക് വേറെ ഒരു ജോബ്‌ നമുക്ക് നോക്കാം, ഇവിടെ ഇപ്പോള്‍ വേക്കന്‍സി ഒന്നും തന്നെ ഇല്ലാത്തതാണ് കാരണം’, എങ്ങിനെയോ അപ്പോള്‍ അങ്ങനെ ഒരു കള്ളം എവടെ നിന്നോ എത്തി.

“അപ്പോള്‍ ആ പ്രതീഷയും പോയില്ലേ, ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ എനിക്ക്ബാക്കിയുള്ളൂ, അതിനിടയില്‍ എങ്ങിനെ കിട്ടും എന്റെ പടച്ചോനെ..അവളുടെ കണ്ണുകളില്‍ ഉരുണ്ടുകൂടിയ ഗോളമുകുളങ്ങളില്‍ ദൈന്യതയുടെയും,നഷ്ടബോധത്തിന്റെയും കണികകള്‍ ഞാന്‍ കണ്ടു.

നീ വിഷമിക്കണ്ട, ഇതൊരു വലിയ നഗരമല്ലെ…ഇവടെ ഒരുപാടു അവസരങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ട്..നമ്മള്‍ നന്നായി പരിശ്രമിച്ചാല്‍ കിട്ടാത്തതായി ഒന്നും തന്നെ ഇല്ല.. ഒന്നും ഇല്ലാതെ വന്നു വമ്പന്‍ സാമ്രാജ്യങ്ങള്‍ കെട്ടിപടുത്ത ഒരുപാടുപേരുടെ കഥകള്‍ ഉള്ള മണ്ണാണിത്.

ഞാന്‍ പറഞ്ഞുനിര്‍ത്തുമ്പോഴും അവള്‍ മറ്റേതോ ചിന്താമണ്ടലത്തിലൂടെ ചുറ്റികൊണ്ടേ ഇരുന്നു.

ഞാന്‍ അപ്പോള്‍ എന്റെ മൊബൈല്‍ കോണ്‍ടാകറ്റില്‍ നിന്നും ഒരു നമ്പര്‍ പരതി ഒരു സുഹൃത്തിനെ വിളിച്ചു..അവനും ശ്രമിക്കാം എന്ന ഒറ്റ വാക്കില്‍ ആ സംസാരം നിര്‍ത്തി. കൂറെ നേരത്തെ ശൂന്യതയ്ക്ക് ശേഷം അവള്‍ തന്നെ സംസാരിച്ചു തുടങ്ങി.

“..എങ്ങിനെയും വീടിന്‍റെ ആധാരം തിരിച്ചെടുക്കണം, നാട്ടില്‍ ഒരു നല്ല ജോലി അന്വേഷിച്ചു തളര്‍ന്നപ്പോഴാണ് ഉമ്മയുടെ ഒരു കൂട്ടുകാരിയുടെ മകള്‍ ഇവിടെ ഏതോ ഒരു മുന്തിയ ഹോട്ടലില്‍ ആണ്..അവര്‍ നല്ല ഒരു ജോലി വാങ്ങി തരും എന്ന വാക്കിലും ആണ് ഇങ്ങോട്ട് ഇറങ്ങി തിരിച്ചത്…”

ഞാന്‍ ഇടയ്ക്ക് കയറി.

ഇവടെ വന്ന ശേഷം അവരെ വിളിച്ചില്ലേ..

വിളിച്ചു,പക്ഷെ അത് മറ്റാരോ ആണ് എടുക്കുന്നത്..ഏതോ ഭാഷയും സംസാരിക്കുന്നു..പിന്നെ ഞാന്‍ വിളിച്ചില്ല..

ഭര്‍ത്താവിന്‍റെ ഒരു സുഹൃത്തും കൂടി സഹായിച്ചിട്ടാണ് വിസിറ്റ് വിസയും താമസ സൌകര്യവും ഒക്കേ ആയത്.

അപ്പോള്‍ ഭര്‍ത്താവ്എവിടെയാണ്…

നിര്‍വികാരതയോടെ എന്നെ നോക്കി കൊണ്ട് അവള്‍ ഇരുന്നു…

നേരം കുറെ ആയി..എന്തേലും കഴിക്കാം..

അവള്‍ വരാന്‍ കൂട്ടാക്കിയില്ല…ഞാന്‍ നിര്‍ബന്ധപൂര്‍വം വിളിച്ചു ഒരു കാഫെട്ടെരിയയില്‍ കയറി, ആളോഴിഞ്ഞ ഒരു കോണില്‍ ഇരുന്നു. അവളുടെ ജീവിതം കേള്‍ക്കണം എന്നുണ്ട്, എന്നാല്‍ വളരെ ദുഖാകുലമായി ഇരിക്കുന്ന അവളുടെ മുഖത്ത് നോക്കി മറ്റൊന്നും ചോദിയ്ക്കാന്‍ എനിക്ക് കഴിഞ്ഞില്ല…ഒരു ടേബിള്‍ന്‍റെ ഇരുപുറവുമായി ഇരുന്ന ഞങ്ങളുടെ ശൂന്യമായ ഇടവേളയിലെക്ക് മലയാളിയായ വെയിറ്റര്‍ എത്തി അവള്‍ക്ക് ഒന്നും വേണ്ട എന്ന നിര്‍ബന്ധം ഏറിവന്നു.എന്നാലും ഞാന്‍ ഓരോ ജ്യൂസ്‌ ഓര്‍ഡര്‍ കൊടുത്തു.

വിവാഹം കഴിഞ്ഞിട്ട് എത്രയായി..ഞാന്‍ തന്നെ തുടക്കമിട്ടു.

വിവാഹം..എന്ന് പറയാന്‍ കഴിയില്ല മാഷേ.. ഞങ്ങള്‍ടെ പ്രണയ ജീവിതത്തിനു ഒടുവില്‍ ഒരു കുഞ്ഞു ഉണ്ടായി..രണ്ടു ജാതി..വീട്ടുകാര്‍ സമ്മതിക്കില്ല..ആരുടേയും ഒരു തീരുമാനങ്ങള്‍ക്കും കാത്തു നില്‍ക്കാതെ ഞങ്ങള്‍ ഒരുമിച്ചു തമാസിച്ചു..ഹിന്ദു ആചാരങ്ങളില്‍ നിറഞ്ഞ ഒരു അടിയുറച്ച കുടുംബത്തിലെ അംഗംആയിര്‍നു മനുഏട്ടന്‍. അത് കൊണ്ട് തന്നെ ഒരിക്കല്‍ പോലും അവരാരും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല.

ഞാന്‍ പ്രെഗ്നന്റ് ആയി 7 മാസം കഴിഞ്ഞപ്പോഴാണ് മനുവിന് ഒരു തല ചുറ്റല്‍ വന്നു ബോധമില്ലാതെ വീഴുന്നത്, അങ്ങനെ അടുത്തുള്ള ഒരു ക്ലിനിക്കില്‍ കാണിച്ചെങ്കിലും കുഴപ്പമുണ്ടായില്ല..കുറച്ചു ഗുളികകളില്‍ എല്ലാം ഒതുങ്ങി. എന്നാല്‍ വീണ്ടും ഒരു മാസത്തെ ഇടവേളയില്‍ പിന്നെയും ഇതാവര്‍ത്തിച്ചപ്പോള്‍ അടുത്ത സുഹൃത്തിന്‍റെ നിര്‍ബന്ധമൂലം മറ്റൊരു ഹോസ്പിറ്റല്‍ ചെക്‌അപ് നടത്തിയപ്പോളാണ് ഞങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ഇടിത്തീ വീഴുന്നത്.

കാര്യങ്ങള്‍ ഞങ്ങള്‍ അറിയുമ്പോഴേക്കും വളരെ വൈകിയിരുന്നു..പിന്നെ മനുവിന്റെ ആയുസ്സ് രണ്ടു മാസം കൂടിയേ ഞങ്ങള്‍ക്ക് ഒപ്പംമുണ്ടായുള്ളൂ.

അവളുടെ കണ്ണില്‍ നിറഞ്ഞു തുളുമ്പി നിന്ന പ്രത്യാശയുടെ മുഗുളങ്ങള്‍ കവിളിലൂടെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.തട്ടത്തിന്റെ തലപ്പ്‌ കൊണ്ട്കണ്ണുകള്‍ തുടച്ചു കൊണ്ട്തുടര്‍ന്നു.

ജ്യൂസ്‌ കുടിക്കാന്‍ ഞാന്‍ ആവശ്യപെട്ടപ്പോള്‍ ഒരു സിബ്ബ് കുടിച്ചു.

‘മനുവിന്…’ ഞാന്‍ പകുതി ചോദ്യത്തിലൂടെ അത് നിര്‍ത്തി…

“മനുവിന് ബ്രെയിന്‍ ടൂമെറിന്‍റെ അവസാനഘട്ടം ആയിരുന്നു..”     അവളുടെ കണ്ണുകളില്‍ നിലയ്ക്കാത്ത ധാരാ പ്രവാഹം ഉയിര്‍കൊണ്ടു.

 “മനുവിന്റെഅസുഖങ്ങള്‍ അറിഞ്ഞിട്ടും അവരുടെ വീട്ടുകാര്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കീരുന്നില, എന്‍റെ ഉമ്മ മാത്രമായിരുന്നുഎനിക്ക് ഉണ്ടായിരുന്നത്..അപ്പോളേക്കും എന്റെ പ്രസവം സാമ്പത്തികമായി ഞങ്ങളെ വളരെ അധികം തളര്‍ത്തി..ആത്മഹത്യ ചെയ്താലോ എന്നുപോലും ഞാനും ഉമ്മയും പലവട്ടം ആലോചിച്ചു, പിന്നെ മോന്‍റെ നിഷ്കളങ്കമായ മുഖം  കാണുമ്പോള്‍…എങ്ങിനെയുംജീവിക്കണം എന്നൊരു തോന്നല്‍..അവന്‍ എന്തു തെറ്റു ചെയ്തു..”

ഞാന്‍ വീണ്ടും ഇടയ്ക്ക് കയറി, ‘..അങ്ങിനെ ഒന്നും ചിന്തിക്കണ്ട, നിനക്ക് ഒരു ജോലി ഞാന്‍ ഒപ്പിച്ചു തരാം..കടങ്ങളൊക്കെ അതിലൂടെ വീട്ടാം, ഓരോത്തര്‍ക്കും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട്..’

അവളുടെ ഇത്ര ഭാരിച്ച ജീവിതഭാണ്ഡത്തില്‍ ഞാന്‍ നിക്ഷേപിക്കുന്ന ചെറിയ വാക്കുകള്‍ ഒന്നും ഒരു ആശ്വാസമായിരുന്നില്ല എന്നെനിക്കറിയാം…     പാതി കുടിച്ച ജ്യൂസ്‌ അവിടെ വെച്ച് ഞങ്ങള്‍ എണീറ്റ് നടന്നു.ക്യാഷ് കൊടുത്തു പുറത്തേക്ക് ഇറങ്ങി..കോര്‍ണിഷിലൂടെ കുറച്ച നടന്ന ശേഷം അടുത്തായി കണ്ട ഒരു ബഞ്ചില്‍ ഇരുന്നു, ഒരുപാടു പേര്‍ കണ്മുന്നിലൂടെ നടന്നു നീങ്ങുന്നു..ജലപരപ്പില്‍ ഒരു ആഡംബരബോട്ട് വിവിധവര്‍ണ്ണങ്ങള്‍ കൊണ്ട് അലംകൃതമായ ലൂമിന ബള്‍ബുകളാല്‍ ഓള പരപ്പുകള്‍ക്ക് പ്രത്യേക കാഴ്ച ഒരുക്കുന്നു.. രാത്രിയ്ക്ക് കനം കൂടുന്നതോടൊപ്പം തണുപ്പിന്‍റെ ശക്തിയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

അപ്പോളേക്കും അവളുടെ മൊബൈല്‍ ശബ്ദിച്ചു..റൂംമേറ്റ്‌ അനേഷിച്ചു വിളിച്ചതാണ്..കഥകള്‍ക്ക് വിരാമമിട്ടു..ഞങ്ങള്‍ നടന്നകന്നു. ഞാന്‍ അവളുടെ താമസ സ്ഥലം വരെ കൊണ്ടാക്കി..കുറച്ച് പൈസ കൊടുത്തെങ്കിലും അവള്‍ വാങ്ങിയില്ല…”എനിക്ക് ഒരു ജോലി മതി..”.ഇത്രയും പറഞ്ഞ് അവള്‍ ഫ്ലാട്ടിലേക്കുള്ള പടിവാതില്‍ കയറി മറഞ്ഞു. തണുപ്പിന്‍റെ പരമ്യതയില്‍ എന്റെ താടിഎല്ലുകള്‍ കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു..മുന്നില്‍ വന്നു നിന്ന പാകിസ്ഥാനിയായ ടാക്സിക്കാരനൊപ്പം ഞാന്‍ റൂമിലേക്ക് പോരുന്നു. കട്ടിലിലേക്ക് കുറുകേ ചെരിഞ്ഞു കിടന്ന എന്‍റെ മുന്നില്‍ ആ മൂന്നു ജീവിതങ്ങളുടെ ഛായാചിത്രങ്ങള്‍ ആയിരുന്നു,ചിന്താസരണികളില്‍ സഹതാപ വേഗങ്ങള്‍ നിഴല്‍ വിരിച്ചെത്തുന്ന കറുത്ത രാത്രിയുടെ നിശബ്ദമായ കോണുകളില്‍ നിന്നും, ഉറക്കം എന്റെ കണ്ണുകളെ മാടി വിളിച്ചു.

അലാറം വിളിച്ചുണര്‍ത്തുന്ന രാപകലുകള്‍ക്ക് അറുതി കൊടുക്കുന്ന പ്രവാസിയുടെ ഒരു ദിവസമാണ് വെള്ളിയാഴ്ച.. അലാറത്തിന്‍റെ മണിമുഴക്കമില്ലാതെ തന്നെ ഞാന്‍ രാവിലെ ഉണര്‍ന്നു.

കമ്പനി സംബന്ധമായ ചില കാര്യങ്ങള്‍ക്കായി ഗുര്‍മിത് സിംഗ് എന്ന പഞ്ചാബിയെ കാണാന്‍ ഒരു സുഹൃത്തിനൊപ്പം തിരിച്ചു,നിശബ്ദമായി നിലകൊള്ളുന്ന അംബരചുംബികളായ വലിയ വലിയ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന വലിയ റോഡ്‌,വാഹനങ്ങളും ആരവങ്ങളും നിലയ്ക്കാത്ത ഈ വീഥികള്‍ക്ക് ഇത്രയും നിശബ്ദത ഉള്ളത് വെള്ളിയാഴ്ചകളില്‍ രാവിലെകള്‍ മാത്രമാണ് എന്ന തിരിച്ചറിവ് ആദ്യമായി എനിക്കുണ്ടായി. ഞങ്ങള്‍ അധികം താമാസിയാതെ തന്നെ അവിടെ എത്തിച്ചേര്‍ന്നു, കമ്പനി കാര്യങ്ങളുടെ ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ മനുഷ്യ സ്നേഹിയായ സിംഗ് വീട്ടുകാര്യങ്ങള്‍ ചോദിച്ചിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ അയാള്‍ക്ക് മുന്നിലായി എന്റെ ആവശ്യം മുന്നോട്ടു വച്ചു, അദ്ദേഹം സ്നേഹപുരസ്സരം അത് ചെയ്യാം എന്ന് വാക്കും തന്നു.

അവധിയുടെ ആലസ്യത്തില്‍ ആ ദിവസം കടന്നു പോയി., അവളെ വിളിച്ചു കാര്യങ്ങള്‍ ചോദിക്കണം എന്നുണ്ടായിരുന്നു, പിന്നെയും മനസ്സില്‍ നിറഞ്ഞ മടി സംസാരിക്കാന്‍ തോന്നാത്തവിധം ആയി രൂപപെട്ടു.

അടുത്ത ദിവസം ഓഫീസു തിരക്കുകള്‍ക്ക് ഇടയില്‍ സിംഗിന്റെ കാള്‍ വന്നെങ്കിലും എനിക്ക് അറ്റന്‍ഡ് ചെയാന്‍ കഴിഞ്ഞിരുന്നില, വൈകുന്നേരം ഞാന്‍ തിരികെ വിളിക്കുമ്പോള്‍ വിസയ്കുള്ള ഡോകുമെന്റുകള്‍ അയാള്‍ ആവശ്യപെട്ടു, എല്ലാം വൈകുന്നേരം തന്നെ മെയില്‍ ചെയാം എന്ന് പറഞ്ഞ് ഞാന്‍ തിടുക്കത്തില്‍ ആ കാള്‍ കട്ട്‌ ചെയ്തു, ഉടന്‍ തന്നെ മൊബെലില്‍ അവളുടെ നമ്പര്‍ പരതി തിരികെ വിളിച്ചു…പലതവണ ട്രൈ ചെയ്തിട്ടും മൊബൈല്‍ സ്വിച്ച് ഓഫ്‌ എന്ന വോയിസ്‌ കേട്ട് കൊണ്ടിരുന്നു… എന്താകും.എന്തുപറ്റി എന്നീ ചിന്തകള്‍ എന്നെ വല്ലാതെ കുഴച്ചു, ഉടന്‍ തന്നെ എന്റെ സുഹൃത്തിനെ വിളിച്ചു അവള്‍ടെ റൂം വരെ പോകണം ഉടന്‍ വരാന്‍ ഞാന്‍ ആവശ്യപെട്ടു.

            അവിടെഎത്തിയ ഞാന്‍ വേഗം സെക്യൂരിറ്റിയേ കണ്ടു റൂംമേറ്റിനെ കാണണം എന്നാവശ്യപെട്ടു, അയാള്‍ ആ കുട്ടീടെ നമ്പര്‍ തന്നു, ഞാന്‍ വിളിച്ചു സംസാരിച്ച ശേഷം തിരികെ കാറില്‍ കയറി വിഷണ്ണനായി ഇരുന്നു. എന്‍റെ ഭാവ വ്യത്യാസം കണ്ട സുഹൃത്ത് കാര്യം അന്വേഷിച്ചു,

‘..അവള്‍ ഇന്ന് രാവിലെ എമര്‍ജെന്സി നാട്ടില്‍ പോയി, അവളുടെ ഉമ്മയ്ക്ക് എന്തോ സീരീസ് ആയി ഹോസ്പിറ്റലില്‍ അട്മിട്ടാണ്..അവള്‍ക്ക് സിംഗിന്‍റെ കമ്പനിയില്‍ ഒരു ജോലി റെഡി ആയിരുന്നു…’

എന്‍റെ കണ്ഠം ഇടറുന്നത് അയാള്‍ അറിഞ്ഞിരുന്നു, എന്തിനാണ് ഞാന്‍ ഇത്രയധികം ഉല്കണ്ട എടുക്കുന്നത് എന്ന് അയ്യാള്‍ ചിന്തിചിരുന്നിരിക്കും.. എന്റെ സ്വന്തം അനിയന്‍റെ ഭാര്യആണ് അവള്‍ എന്ന് അയാള്‍ക്കോ.. എന്റെ അനിയത്തിക്ക് പോലും അറിയില്ലല്ലോ…..

പതിവില്ലാത്ത ഒരു മഴ ചാറ്റല്‍ ദുബായ് നഗരത്തെ നനയിച്ചു കൊണ്ടിരുന്നു…………..

സമാപിച്ചു 

 

            `

 

 

 

 

Previous Next