03
March 2021
Wednesday
07:37 pm IST
Kozhikode
28°
Rain Shower

അധ്യായം – രണ്ട്

August 23, 2017 | 7:31 PM | | admin
Presentation 7


എന്‍റെ പ്രിയ പേരമരം എന്നെ മാടിവിളിക്കുന്നു . . രാജു ഓടിച്ചെന്നു രണ്ടു കൈകൊണ്ടും പേരക്കൊമ്പില്‍ ചാടിപിടിച്ചു ആലിംഗനം ചെയ്തു . ഈ പേരമരം കുഞ്ഞു തൈ ആയിരുന്നപ്പോല്‍മുതല്‍ വെള്ളവും വളവുമിട്ടു പരിപാലിച്ചു വളര്ത്തിവലുതാക്കിയത് എന്‍റെ ഈ കൈകൊണ്ടു തന്നെയാണല്ലോ അതുകൊണ്ടെന്താ .. വൈകുന്നേരങ്ങളില്‍ തന്‍റെ  വയറിന്റെ കരച്ചിലടക്കാന്‍ ഈ പേരമരം കുറച്ചൊക്കെ സഹായിച്ചിട്ടുമുണ്ട്. അന്നൊക്കെ , അതായത് , ഞാന്‍ ഗള്‍ഫില്‍ പോകുന്നതിനും മുന്‍പുള്ള ഒരു കാലമുണ്ടായിരുന്നു. പതിനഞ്ചു വയസ്സ് പ്രായം. പത്താംക്ലാസ്സ് പരീക്ഷയൊക്കെ കഴിഞ്ഞിരിക്കുന്ന സമയം . വീട്ടില്‍ പട്ടിണി എന്ന് പറയാന്‍ പറ്റില്ല., പക്ഷെ , കാര്യമായിട്ട് നല്ല ഭക്ഷണം കഴിക്കണമെങ്കില്‍ , എന്തേലും അത്ഭുതം സംഭവിക്കണം .  മിക്കപ്പോഴും ചമ്മന്തിയും അല്ലെങ്കില്‍ പത്തലുമുളക് വെളിച്ചെണ്ണയിലിട്ടു ഇടിച്ചു  ചുവന്നുള്ളിയുമിട്ട് ചലിച്ചത്, ഇതൊക്കെയായിരുന്നു പ്രധാന കറി വിഭവങ്ങള്‍.  അപ്പോഴൊക്കെ ഈ പ്രിയ പേരമരം എന്‍റെ ദയനീയമായ വിശപ്പടക്കാന്‍ പഴുത്ത പേരക്ക തന്നിരുന്നു. ഇതാണ് ഞാനും ഈ പെരമരവും തമ്മിലുള്ള അഗാധമായ ബന്ധത്തിനു കാരണം.  ഉച്ചസമയത്ത്  ഊണ് കഴിഞ്ഞു പേരമരത്തിന്റെ കൊമ്പില്‍ കയറിയിരുന്നു കാറ്റ്  കൊള്ളുക  ഒരു രസം തന്നെയായിരുന്നു. എവിടെപോയാലും അവസാനം ഞാന്‍ അവന്റെയടുത്ത്‌ ഓടിയെത്തും . രാജു പേരമരത്തിന്റെ ചില്ലയില്‍ കയറിയിരുന്നു. ആ ശ്വാസ നിശ്വാസങ്ങള്‍ ന്യക്തമായി കേള്‍ക്കാമായിരുന്നു.  രാജു ഒന്നുംകൂടി കാതുകൂര്‍പ്പിച്ചു. എന്‍റെ ഹൃദയമിടിപ്പുപോലെതന്നെ ഈ പേരമരത്തിനും . ഞാന്‍ ഗള്‍ഫില്‍ പോയപ്പോഴും എന്‍റെ ആത്മാവിന്റെ ഒരംശം ഇവിടെതന്നെയായിരുന്നോ !! രാജുവിനെ അങ്ങനെ തോന്നി. 

ഇനിയുള്ളത് പ്രിയകളിക്കൂട്ടുകാരി ഒരു മൂവാണ്ടന്‍ മാവാണ്. എത്ര പറഞ്ഞാലും എത്ര ഓര്‍ത്താലും തീരാത്തത്ര ബന്ധം എനിക്ക് അവളോട്‌ ഉണ്ട്. ഏതാണ്ട് ,എനിക്ക് ഓര്‍മ്മവേച്ചനാള്‍ മുതല്‍ ഈ മാവ് ഞങ്ങളുടെ പറമ്പില്‍ ഉണ്ട്. തൈമരം മുതല്‍ വളര്‍ന്നു പക്വത വെച്ച് , പൂക്കുന്നതുവരെ എന്‍റെ കണ്മുന്‍പില്‍ തന്നെയുണ്ടായിരുന്നു ഇവള്‍ ഈ മൂവാണ്ടന്‍ മാവ് . പരീക്ഷാസമയങ്ങളില്‍ പഠിത്തത്തില്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടി ഈ മാവിന്റെ ചുവട്ടില്‍ പോയിരിക്കുമായിരുന്നു . ശരിക്കും പറഞാല്‍  എന്‍റെ ബാല്യകാലം മുഴുവനും ചെലവിട്ടത് ഈ മാവിന്ച്ചുവട്ടിലായിരുന്നു . ഭയങ്കര കുസൃതുയായിരുന്നു ഞാന്‍ ബാല്യത്തില്‍ . ഇച്ചയന്റെയും അമ്മച്ചിയുടെയും അടി കൊള്ലാനെ നേരമുണ്ടായിരുന്നുള്ളൂ . അന്നെരമോക്കെ ഈ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍  കയറി ഒറ്റക്കിരുന്നു കരയുമായിരുന്നു. അങ്ങനെ ഒത്തിരിപ്രാവശ്യം കരഞ്ഞിട്ടുണ്ട്.  അവളെന്ന ആശ്വസിപ്പിക്കുമായിരുന്നു അന്നേരങ്ങളില്‍ .  മന്ദമാരുതനെ കൂകിവിളിച്ചു എന്റെയടുത്ത്ക്ക് പറഞ്ഞുവിടുമായിരുന്നു ഇവള്‍  ,എന്‍റെ നീറുന്ന മനസ്സിനെ തലോടാന്‍ . എന്‍റെ  പത്താം ക്ലാസ് പരീക്ഷസംയാത്തും പ്രീഡിഗ്രി ക്കും ജയിക്കാന്‍ കാരണം ഇവളുടെ ഒരു കരം ഇല്ലേ എന്ന് ബലമായ സംശയം ഇപ്പോഴും മനസ്സിനെ അലട്ടുന്നു. ചമ്മന്തിയരക്കാന്‍ എത്ര മാങ്ങ തന്നിട്ടുണ്ട് . അവള്‍ക്കറിയാം ആ സമയത്ത് എന്‍റെ വീട്ടില്‍ വേറെ കറിയൊന്നുമില്ലായിരുന്നു . അതുകൊണ്ടുതന്നെ  നല്ല പുളിയുള്ള മങ്ങനോക്കി എനിക്ക് തരുമായിരുന്നു. പലപ്പോഴും തോന്നിയ ഒരു കാര്യം ഈ മാവിന് ജീവനുണ്ടോയെന്നായിരുന്നു. 

രാജു പറമ്പിലൂടെ നടന്നു നേരെ പഴയ കൂട്ടുകാരിയുടെ അടുത്തേക്ക്. ഇപ്പോഴും അവിടെത്തന്നെ നില്‍പ്പുണ്ട് ആ കുലീന സ്ത്രീ . ഒരു കൂസലുമില്ലാതെ . പ്രായമായിരിക്കുന്നു കൊമ്പുകള്‍ ഉണങ്ങിതുടങ്ങി. തായ്ത്തടിയുടെ നിറം മങ്ങി. പഴയ പച്ചപ്പോക്കെ കുറഞ്ഞു. ശിഖിരങ്ങളില്‍ മാങ്ങകല്‍ കാണാനേയില്ല . സാരമില്ലട്ടോ .. ഞാന്‍ ഗള്‍ഫില്‍ നിന്നും വന്നിരിക്കുന്നു, നിനക്ക് വേണ്ടതെന്താണെന്നു വെച്ചാല്‍ പറഞ്ഞോളൂ , അറബിയുടെ ക്രൂരതകള്‍ എന്നെ അത്രയ്ക്ക്  ദുര്‍ബലനാക്കിയിട്ടില്ല . ഞാന്‍ ഇത്രയൊക്കെ സഹിച്ചത് നിങ്ങളെയൊക്കെ വീണ്ടും കാണാന്‍ വേണ്ടിയായിരുന്നു.  രാജു ആത്മഗതമെന്നോണം പറഞ്ഞു. 

ഓ എന്‍റെ മൂവാണ്ടന്‍ മാവേ ..പ്രിയ സഖി ..നിന്റെ ചുവട്ടില്‍ കസേരയിട്ടിരുന്നു പഠിച്ചും ചുറ്റും ഓടിക്കളിച്ചുമൊക്കെ എത്ര സമയം ഞാന്‍ നിന്റെ കൂടെ ചിലവിട്ടിട്ടുണ്ട്. രാത്രിയുടെ അരണ്ട യാമങ്ങളില്‍ ചന്ദ്രവെളിച്ചത്തില്‍ ഞാന്‍ വീട്ടിലിരുന്നുകൊണ്ട്  നിന്നെ ഒളിഞ്ഞുനോക്കിയപ്പോള്‍    നീ  എത്ര സുന്ദരിയായിരുന്നു. നിനക്ക് പ്രായമായതറിയിക്കാനായു നിന്റെ പൂങ്കുലകള്‍ എന്‍റെ മുന്‍പില്‍ കുലുക്കിയിട്ടപ്പോള്‍ ഞാന്‍ നിന്നില്‍ ഒരു മാദക തിടംബിനെ കണ്ടു. അപ്പോള്‍ നീ  യൌവ്വനം നിറഞ്ഞു തുളുംബിയ ഒരു ദേവ സുന്ദരിയായിരുന്നു. മാരുതന്‍ അടുത്തുവന്നപ്പോള്‍ നീയെന്‍റെ മുന്‍പില്‍ നൃത്തംവെച്ചു . നിന്റെ ഗന്ധം എന്നെ ഹരം പിടിപ്പിച്ചു ഒരു നിത്യകാമുകനാക്കി മാറ്റി.  നിന്റെ കായ്കനികള്‍ എന്നില്‍ ആവേശം കൊള്ളിച്ചു. എന്‍റെ പ്രനയനൊമ്പരങ്ങള്‍  നീ  ഏറ്റുവാങ്ങി. 

ഓര്‍മ്മകളില്‍നിന്നും ഉണര്‍ന്നപ്പോള്‍ , വിണ്ടു കീറിയ മനസ്സോടെ രാജു അവിടെ ഇരുന്നു . എത്ര ശ്രമിച്ചിട്ടും ഒരു കിരാത രജത രേഖ മിന്നി മറയുന്നത് മനസ്സില്‍നിന്നും മാറ്റാന്‍ പറ്റുന്നില്ല. രാജുവിന്റെ മനസ്സ് ഒന്ന് ചിതറി. ചുട്ടുപഴുത്ത മരുഭൂമിയുടെ ചൂട് ഇനിയും കെട്ടടിങ്ങിയില്ലയോ..എന്‍റെ മനസ്സു എന്താണ് ഇങ്ങനെ വിഭ്രാന്തി കൊള്ളുന്നത്‌.. ഞാനിപ്പോള്‍ നില്‍ക്കുന്നത് എന്‍റെ പറമ്പില്‍ തന്നെയാണോ  അതോ മരുഭൂമിയിലോ .... ഓ  എന്‍റെ പ്രിയതമയായ മൂവാണ്ടന്‍ മാവേ..,  നിന്നെ കാണുമ്പോള്‍ ആണ് എനിക്ക് പരിസരബോധം വരുന്നത്. വേദനകള്‍ കൂടുകൂട്ടി വിയര്‍പ്പുകണങ്ങള്‍ നെറ്റിയിലൂടെ ഒഴുകി .  ഞരമ്പുകള്‍ വരിഞ്ഞു മുറുകി .നൊമ്പരങ്ങള്‍ നിശ്വാസങ്ങളായി ഊതിവിട്ടു. അവളതു ഒരു മടിയുമില്ലാതെ ഏറ്റുവാങ്ങി ആ മൂവാണ്ടന്‍ മാവ് !! ആ ചൂടുനിശ്വസത്തിനായു അക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്നു അവള്‍. മാവിന്റെ മാറിലേക്ക്‌ കാമുകനെപോലെ  രാജു പടഞ്ഞു കയറി , കാലില്‍  ചോര പോടിഞ്ഞെങ്കിലും കാര്യമാക്കിയില്ല. ഒരാശ്വാസം ഇവിടെയിരിക്കുബോളാണ് . വീട്ടില്‍ പോയിരുന്നാല്‍ ഞാന്‍ എന്തേലുമൊക്കെ ചിന്തിച്ചുപോകും , കുറച്ചു സമയം ഇവിടെയിരിക്കാം . പ്രിയതമക്ക് വിഷമം കൂടി. ഞാന്‍ ശോഷിച്ചുപോയി , നിനക്ക് തരാന്‍ എന്‍റെ കയ്യില്‍ മാങ്ങകളില്ലല്ലോ.. അവള്‍ മന്ത്രിച്ചു .

ഗള്‍ഫ് എല്ലാവരുടെയും ഒരു സ്വപ്നമാണ്. അവിടെ ചെന്നാല്‍ കാശ് മരത്തെന്നു മുറിച്ചു  മുറിച്ചെടുക്കാം . ഇതാണ് ഇവടത്തുകാര്‍ ചിന്തിക്കുന്നത്.  അറബിയുടെ വീട്ടുമുറ്റത്ത് ചെല്ലണം അപ്പോള്‍ കാണാന്‍ പറ്റും ഏതു മരത്തെന്നാ മുറിക്കേണ്ടതെന്നു !!ആട്ടും തുപ്പും .. നിന്ദ , അവഹേളനം , പരിഹാസം ,എന്ന് വേണ്ട ഈ ലോകത്തില്‍ അനുഭവിച്ചിട്ടില്ലാത്ത എല്ലാ തിക്താനുഭവങ്ങളും അറബി, മരത്തെന്നു മുറിച്ചങ്ങു തരും . ദേഷ്യം വന്നാല്‍ ഖല്‍ബ് എന്നൊരു നീട്ടി വിളിയാണ് . എന്നുവെച്ചാല്‍ പട്ടി എന്നര്‍ത്ഥം.  നമ്മള് വല്യകര്യത്ത്തില്‍ ഗള്‍ഫില്‍ പണമോണ്ടാക്കാന്‍ പെട്ടിയും പൊതിഞ്ഞു അവിടെ ചെല്ലുമ്പോള്‍ കിട്ടുന്ന സല്‍ക്കാരം ... എന്‍റെ മൂവാണ്ടന്‍  മാവേ നീയിതൊക്കെ അറിയുന്നുണ്ടോ.. നീയൊന്നു തോട്ടുനോക്കിക്കെ എന്നെ ,  ഞാന്‍ ജീവനോടെയാണോ  അതോ എന്‍റെ അത്മാവാണോ ഇവിടെ ഇരിക്കുന്നതെന്ന്....രാജുവിന്‍റെ കണ്ണില്‍നിന്നും വന്ന കണ്ണീരു മാവിന്‍റെ ഇലകളിലേക്ക്  വീണു . 

സമയം കുറെയായി . രാജു വീട്ടിലേക്ക് പോകാനായി മാവില്‍ നിന്നും ഇറങ്ങി പറമ്പിലൂടെ  നടന്നു. തൊട്ടാവാടികള്‍ കൊമ്പ്  കൊര്‍ക്കാനെന്നോണം കാലില്  മുള്ളുകൊണ്ട് കുത്തിയപ്പോള്‍ വേദന തോന്നിയില്ല. അപ്പോഴാണ്‌ താഴോട്ടൊന്നു നോക്കിയത് .തഴുതാമ ചെടികള്‍ പടര്‍ന്നു പിടിച്ചുകിടക്കുന്നു.തുമ്പ തൈകള്‍ വെളുത്ത പൂക്കളുമായി പല്ലിളിച്ചു കാണിക്കുന്നു.ചൊറിയണം തൈകള്‍ തലയുയര്‍ത്തി നോക്കുന്നുണ്ട് .കൂട്ടിനു കുറെ കാട്ട്  ചെടികളും . തങ്ങളുടെ വരവറിയിച്ചു പൂമ്പാറ്റകള്‍ പറന്നു കളിക്കുന്നു . പണ്ട് ഓണക്കാലത്ത് ഈ പറമ്പില്‍ പൂക്കളുടെ പിറകെ പൂവലനെപോലെ ഓടി നടന്നിട്ടിണ്ട് . . ഇതും കൂടി കണ്ടപ്പോള്‍ രാജുവിന്റെ വേദന ഇരട്ടിയായി. ഇവരുമായി സല്ലപിക്കാന്‍ എന്‍റെ ബാല്യം ഒരു തവണകൂടി എനിക്ക് തിരിച്ചു തരൂ...ഇവരുടെ ശ്വാസം എന്‍റെ ഞരമ്പിലും ഹൃദയത്തിലും വ്യാപിച്ചിരിക്കുന്നു . പിടക്കുന്ന  മനസോടെ രാജു ആകാശത്തേക്ക് നോക്കി. പറവകള്‍ പറന്നു കളിക്കുന്നു. ഈ ആകാശം എത്ര വിശാലമാണ് . രാജു വീട്ടിനുള്ളിലേക്ക് കയറി.

 ഗള്‍ഫിലെ പണം കൊണ്ട് പുതുക്കിപണിത വീട് . പണിതതിനുശേഷം ആദ്യത്തെ വരവാ . ഇതിന്റെ ഓരോ കല്ലിലുമുണ്ട് അറബിയുടെ അവഹേളനങ്ങള്‍ കേട്ട് കേട്ട് കിട്ടിയ റിയാലില്‍ എഴുതിചാലിച്ച വരികള്‍. കഷ്ടപ്പെട്ട് ചോര നീരാക്കി അയച്ചുകൊടുക്കുന്ന ഓരോ റിയാലിനും പൊന്നിന്റെയല്ല , അതിനെക്കാളും എത്രയോ മുകളിലുള്ള വിലയുണ്ട്‌. പലപ്പോഴും മരിക്കാന്‍ വരെ തോന്നിയിട്ടുണ്ട് , പക്ഷെ പിടിച്ചു നിന്നു . 

“നീ ഇതുവരെ എവിടെയായിരുന്നു മോനേ “ അമ്മയുടെ പരിഭവം നിറഞ്ഞ വാക്കുകള്‍ . “നിന്നെയൊന്നു കൊതിതീരെ കണ്ടില്ലല്ലോ മോനേ “ അത് ഇച്ചായന്റെ വകയായിരുന്നു. ഇച്ചായന്റെ പ്രതീക്ഷകള്‍ക്ക് മതിയാവോളം നീതിപുലര്‍ത്താന്‍ തനിക്കു ഇതുവരെ സാധിച്ചിട്ടില്ല . അതിന്റെ സങ്കടം ഇപ്പോഴും ആ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു പ്രീഡിഗ്രിക്ക് പഠിക്കാന്‍ പോയപ്പോള്‍ ഭാവിയിലേക്ക് കൂടുതല്‍ കണ്ണും നട്ടിരുന്നത് എന്നെക്കാളും കൂടുതല്‍ എന്‍റെ ഇച്ചായനയിരുന്നു. അപ്പന് വിദ്യാഭ്യാസമില്ല, എന്നാ മകനെങ്കിലും പഠിക്കട്ടെ എന്നായിരുന്നു ഇച്ചായന്റെ ആഗ്രഹം . പ്രീഡിഗ്രി പാസ്സായി ...പക്ഷെ ....എന്‍റെ വിധി വേറൊന്നായിരുന്നു.  അവിടന്നോങ്ങോട്ടു .........

ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും....

ബിനു മയപ്പള്ളില്‍ 
Previous Next