12
August 2020
Wednesday
03:21 pm IST
Kozhikode
31°
Mostly Cloudy

ഇന്ത്യയിലെ ഫെമിനിസത്തിന്റെ ആര്‍ജ്ജവമുള്ള നേതാവ് – സാവിത്രി ഫൂലെ

February 1, 2019 | 8:30 AM | | admin
50517224_2240308256182167_2104330127302197248_n

ഇന്ത്യയിലെ ഫെമിനിസത്തിന്റെ മാതാവ് “
***************************

സമൂഹത്തിൽ പ്രതികരിയ്ക്കുന്ന , പ്രത്യേകിച്ചും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്ന സ്ത്രീകളെ എന്നും സമൂഹം ഓമനപ്പേരിട്ടു വിളിച്ചിരുന്നു , ഫെമിനിസ്റ് എന്ന്‌ . ഫെമിനിസം എന്ന വാക്കിന്റെ അർത്ഥം പരിശോധിച്ചാൽ ലിംഗ വിവേചനമില്ലാതെ സമൂഹത്തിലെ ഏതു തലത്തിലും തുല്യരായി കണക്കാക്കി , ചൂഷണം ഒഴിവാക്കുക എന്നത്‌ മാത്രമാണ് . എന്നാലിന്ന് നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും , നിലവിലെ സാമൂഹ്യ സ്ഥിതിയെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ ഏറ്റവും മോശമായി മുദ്ര കുത്താൻ ഉപയോഗിയ്ക്കുന്ന പേരാണ് “ഫെമിനിച്ചി ” . ഇങ്ങിനെ ചാപ്പ കുത്തുന്നവർ ഈ വാക്കിന്റെ യഥാർത്ഥ അർത്ഥവും പാരമ്പര്യവും മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് ഞാൻ വിചാരിയ്ക്കുന്നില്ല . മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ,സ്ത്രീവിരുദ്ധത മഹത് വരിയ്ക്കുന്ന ഇന്നത്തെ സാമൂഹ്യ പ്രവണതയ്ക്കു ചുക്കാൻ പിടിയ്ക്കാൻ സ്ത്രീകളുടെ ഒരു വിഭാഗവുമുണ്ട് .

സമൂഹത്തിലെ ഭൂരിപക്ഷ നിലപാടുകൾ ചോദ്യം ചെയ്യുന്നതോടൊപ്പം , നവോത്ഥാന മൂല്യങ്ങൾക്ക്‌ അടിവരയിടാൻ ജീവിതം തന്നെ പണയപ്പെടുത്തിയ പല സ്ത്രീകളെയും നമുക്കറിയാം . എന്നാൽ ഇവരിൽ പ്രധാനി ഇന്ത്യയിലെ ഫെമിനിസത്തിന്റെ മാതാവെന്ന്‌ ചരിത്രം വിശേഷിപ്പിയ്ക്കുന്ന സാവിത്രി ഫൂലെയാണ് . 2019 മാർച്ച്10 ആവുമ്പോൾ അവർ ദിവംഗതയായിട്ട് 122 വർഷങ്ങളാവും .

ആരായിരുന്നു സാവിത്രി ഫൂലെ ? ഒരു സാധാരണ കർഷക കുടുംബത്തിൽ മഹാരാഷ്ട്രയിലെ ചെറിയ ഗ്രാമമായ നൈഗോണിൽ 1831 ജനുവരി മൂന്നിനാണ് സാവിത്രി ഭായി ജ്യോതി റാവു ഫൂലെയെന്ന സാവിത്രി ജനിച്ചത്. ശൈശവ വിവാഹം നില നിന്നിരുന്ന അക്കാലത്ത് ഒൻപതാമത്തെ വയസ്സിൽ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായ ജ്യോതിറാവു ഫൂലെയെ (13 )വിവാഹം കഴിച്ചതോടെയാണ് അവരുടെ ജീവിതം മാറ്റി മറിയ്ക്കപ്പെട്ടത് . അറിവ് സമ്പാദിയ്ക്കാനുള്ള സാവിത്രിയുടെ തീക്ഷ്ണമായ ആഗ്രഹം മനസ്സിലാക്കിയ ഭർത്താവ് , അവർക്ക് വിദ്യാഭ്യാസം നൽകുകയും അവരുടെ ആശയങ്ങൾ സാക്ഷാത്കരിയ്ക്കാനുള്ള എല്ലാ പിന്തുണയും നൽകി .

പത്തൊമ്പതാം നൂറ്റാണ്ട് ലോകത്താകമാനം വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. പുതിയ ചിന്തയുടെയും ഉണർവിന്റെയും ഭാഗമായി നവോത്ഥാന പ്രസ്ഥാനങ്ങളും ചിന്താധാരകളും സജീവമായി. ജ്യോതിറാവുവിന്റെ ജാതി വ്യവസ്ഥകളെ വെല്ലുവിളിച്ചുള്ള പുരോഗമന പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയത് സഹധർമ്മിണിയായ സാവിത്രി ആയിരുന്നു .

അക്കാലത്ത് അധഃസ്ഥിത സമൂഹത്തിലെ പെൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ലഭിച്ചരുന്നില്ല. മാത്രമല്ല ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും അവർക്ക് വിരോധമായിരുന്നു , നിഷിദ്ധമായിരുന്നു .പെൺകുട്ടികൾക്ക് പഠിക്കാവുന്ന സ്കൂൾ എന്ന സങ്കൽപ്പത്തിലാണ് ഇരുവരും 1848ൽ സ്കൂൾ സ്ഥാപിക്കുന്നത്. ആദ്യത്തെ വനിതാ സ്കൂളായി ഇത് പറയപ്പെടുന്നു . വെറും 3 വിദ്യാർത്ഥിനികളുമായി ആരംഭിച്ച ഈ സ്‌കൂളിലെ അദ്ധ്യാപിക സാവിത്രി മാതാ ആയിരുന്നു .

നാട്ടിലുള്ള യാഥാസ്ഥിതികരായ സവർണ്ണരായഹിന്ദുക്കൾ, കല്ലും ചെളിയും വാരി അവരെ എറിയുമായിരുന്നു. അതുകൊണ്ട് പലപ്പോഴും സ്‌കൂളിൽ ചെന്ന് മറ്റൊരു വസ്ത്രം ധരിച്ചു വേണമായിരുന്നു അവർ്ക്ക് ക്ലാസ്സിൽ പോകാൻ .ഇതിലൊന്നും പതറാതെ ആ വർഷം തന്നെ അവർ മുതിർന്നവർക്കായി മറ്റൊരു സ്‌കൂൾ സ്ഥാപിച്ചു . 1851 ആയപ്പോഴത്തെക്കും അവർ 3 സ്‌കൂളുകൾ നടത്തിയിരുന്നു.
ഫൂലെയുടെ നേതൃത്വത്തിൽ ആരംഭിച്ച സത്യശോധക് സമാജ് എന്ന പ്രസ്ഥാനമാണ് ഇത്തരം പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

50510950_2240308436182149_6648986807344037888_n

അക്കാലത്ത് ശൈശവ വിവാഹങ്ങളും ഉയർന്ന മരണ നിരയ്ക്കും , കൗമാരമെത്തുമ്പോൾ തന്നെ വിധവകളാകേണ്ടി വന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു . അവരുടെ പിന്നീടുള്ള ജീവിതം അതി ദയനീയമായിരുന്നു .സാവിത്രി ബായ് ജ്യോതിറാവു ദമ്പതികൾ വിധവകളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയും അതിനെതിരെ ക്ഷുരകന്മാരെ ബോധവൽക്കരിക്കുകയും ചെയ്തു.
അക്കാലത്ത് , വിധവകൾ, പലവിധത്തിലും ,പ്രത്യേകിച്ചും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു. അങ്ങനെയുള്ളവർ സമൂഹത്തെ ഭയന്ന് ആത്മഹത്യ ചെയ്യുകയോ ഗർഭച്ഛിദ്രം നടത്തുകയോ ചെയ്യുമായിരുന്നു . അങ്ങിനെ ചെയ്യാൻ തുടങ്ങിയ ഒരു വിധവയെ രക്ഷിച്ച് , അവരുടെ മകനെ ദത്തെടുത്ത് സ്വന്തം മകനായി വളർത്തുകയും പഠിപ്പിച്ചു ഡോക്ടറാക്കുകയും ചെയ്തു സാവിത്രി ജ്യോതിറാവു ദമ്പതികൾ .
അവർ ചൂഷിതരായ വിധവകൾകായി ‘ബാൽ ഹത്യാ പ്രതിബന്ധക് ഗൃഹ് ‘ എന്ന പേരിൽ ഒരു ആശ്വാസ കേന്ദ്രം തുടങ്ങുകയും ചെയ്തു.

സവർണ്ണ ജാതീയതക്കെതിരെയും അയിത്തത്തിനെതിരേയും എന്നും ശബ്ദിച്ച അവർ , സ്വന്തം വീട്ടിൽ കിണറുണ്ടാക്കി ദളിതർക്ക് ആവോളം വെള്ളാമെടുക്കാനുള്ള അവസരമുണ്ടാക്കി . നാട്ടിൽ പ്ളേഗ് പടർന്നു പിടിച്ചപ്പോൾ മകനായ യശ്വന്തിനൊപ്പം സാവിത്രി അമ്മയും രോഗികളെ പരിചരിയ്ക്കുന്നതിൽ വ്യാപൃതയായി . അങ്ങിനെ ആ രോഗം പിടിപെട്ട് 1897 മാർച് 10 ആം തിയ്യതി അവർ അന്തരിച്ചു.

കാവ്യ ഫൂലെ (1934) , ബവൻ കാശി സുബൊധ് രത്‌നാകർ (1982) , എന്ന രണ്ടു കവിതാ സമാഹാരങ്ങളും അവരുടെ മരണ ശേഷമാണ്‌ പ്രസിദ്ധീകരിച്ചത് .സ്ത്രീ ശാക്തീകരണവും സമൂഹത്തിലെ തിന്മകളെ എതിർക്കുക മാത്രമല്ല , ആധുനിക മറാഠി കവിതയുടെ മുൻഗാമിയായും ആദ്യ വനിതാ അദ്ധ്യാപികയായും ഇവരെ കണക്കാക്കുന്നു. ഇന്ത്യയിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായി പ്രവർത്തിച്ച സാവിത്രി മാതായുടെ ജീവിതം സ്ത്രീകളുടെ ഉന്നമനത്തിനായി , സമൂഹത്തിലെ അനാചാരങ്ങളെ ചോദ്യം ചെയ്തു ജീവിച്ചത് കൊണ്ടാവാം അവരെ ആദ്യത്തെ ഫെമിനിസ്റ്റ് ആയി ചരിത്ര താളുകളിൽ സുവർണ്ണ ലീപികളാൽ അടയാളപ്പെടുത്തിയിരിയ്ക്കുന്നത് .

ഫെമിനിച്ചിയെന്ന്‌ “വാ തുറയ്ക്കുന്ന പെണ്ണിനെ” ചാപ്പ കുത്തുന്നവർ ഇവരെക്കുറിച്ച് കൂടി അറിഞ്ഞിരിയ്ക്കണം . ഇങ്ങിനെ ആക്ഷപിയ്ക്കുന്നവർ സമൂഹത്തിലെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിടവ് ഒന്ന് കൂടി വലുതാക്കുകയാണ് ചെയ്യുന്നത്. സാവിത്രി ജ്യോതിറാവു ദമ്പതികളെപ്പോലെ സ്ത്രീയും പുരുഷനും ഒന്നിച്ചു നടയ്ക്കുമ്പോഴാണ് സമൂഹത്തിൽ ഉന്നമനമുണ്ടാവുന്നതെന്നാണ് എന്റെ പക്ഷം .

തങ്ങളുടെ ശരികൾ തുറന്നു പറയുന്ന , സമൂഹത്തിലെ ശരികേടുകൾക്കെതിരെ പ്രതികരിയ്ക്കുന്ന മാധ്യമ പ്രവർത്തകരുൾപ്പെടുന്ന , ജീവിതത്തിലെ ഏതു തുറയിൽ പെടുന്ന സ്ത്രീകളാണെങ്കിലും , നിങ്ങൾക്ക്‌ അഭിമാനിയ്ക്കാം , എന്തെന്നോ സാവിത്രി ഫൂലെ മുൻപേ നടന്നു പോയ വഴികളാണ് നിങ്ങൾക്ക് മുൻപിൽ ഉള്ളത് . നാളെ ചരിത്രത്തിന്റെ ഭാഗമായി ആ മഹത് വ്യക്തിത്വതിനൊപ്പം നിങ്ങളുടെ പേരുകളും എഴുതി ചേർക്കപ്പെടും .

(വിവരങ്ങൾക്ക് കടപ്പാട് : ഗൂഗിൾ , വിക്കിപീഡിയ , മാധ്യമങ്ങൾ )

 തയ്യാറാക്കിയത് – സിമിരാജ് 

Previous Next