10
April 2021
Saturday
07:58 pm IST
Kozhikode
28°
Rain Shower

മുറിവേൽക്കാത്ത പാടുകൾ- കഥ

September 21, 2020 | 3:40 PM | | admin
WhatsApp Image 2020-09-19 at 5.16.34 AM-1

കഥ – മുറിവേൽക്കാത്ത-  പാടുകൾ

രാവിലെ തന്നെ വേലിക്കൽ   സ്ഥിരം  സഭ തുടങ്ങി കഴിഞ്ഞു . “ഒരു കാര്യത്തിനും  പറ്റില്ലടി, – എന്തൊക്കെ  ചെയ്താലും  ഒരു വൃത്തിയും മെനയും ഇല്ല,   ഞാനും വളർത്തിട്ടുണ്ട്  അഞ്ചാറ് എണ്ണത്തിനെ…. ”  കുഞ്ഞമ്മാൾ പറഞ്ഞു നിർത്തിയിടത്തു മീൻ കാരി രായമ്മ  തുടങ്ങി.  ‘ അതെന്തൊക്കെ  പറഞ്ഞാലും നമ്മടെ  മക്കളെ പോലെ  ആവോ ചേച്യേ..’ ഇപ്പോഴത്തെ  പിള്ളേരൊക്കെ വേറെ രീതിയിൽ  വളർന്നവരല്ലിയോ..

നമ്മടെ കഷ്ടപ്പാടൊക്കെ  അവർ  എങ്ങിനെ  അറിയാൻ..

ഇപ്പോ ഉള്ള   എല്ലാം  ഇങ്ങനെയാ.. ‘  “.എന്നാലും  ന്റെ  കൊച്ചേ..  ഇത്  ദേവി അല്ല  മൂദേവി  ആണ്.. ഹോ..  അപാരം  അപാരം..  കുഞ്ഞമ്മാളിന്റെ  കൈകൾ  മുന്നോട്ടു  ആക്കി  ഒരുതരം  വെറുപ്പിന്റെ  ആംഗ്യം കാട്ടി..

 

അടുക്കള ജനലിൽ  കൂടി  ഒന്നും  കേൾക്കാൻ  കഴിയില്ല  എങ്കിലും അവൾ  ശ്രെദ്ധിക്കുന്നുണ്ടായിരുന്നു  അവരുടെ  സംഭാഷണം,  പക്ഷെ  വെറും  മൂകാഭിനയം മാത്രമേ അവൾക്  കാണാൻ  കഴിഞ്ഞുള്ളു.  സംസാരം  അതിരു കടക്കുന്നു  എന്ന് മനസിലാക്കിയ അവൾ  തൊട്ടിലിൽ  ഉറങ്ങി  കിടന്ന  കുഞ്ഞിനെ എടുത്തു  പുറത്തേക്  ഇറങ്ങി.

ഉറക്കചടവിൽ  വാവിട്ട്  കരയുന്ന കുഞ്ഞിനെയും  അവളെയും  കണ്ടതോടെ  രായമ്മ  തന്റെ  മീൻ കുട്ട  എടുത്തു  തലയിൽ  വെച്ച്  പോകാൻ  ഒരുങ്ങി..  കുഞ്ഞമ്മാൾ  ഒന്നും അറിയാത്ത  പോലെ തിരികെ  കുഞ്ഞിന്റെയും തള്ളയുടേം  അടുത്തേക്  വന്നു..  “എന്താ  കൊച്ചേ  നിനക്ക്  മര്യാദക്ക് കെടന്നു ഉറങ്ങിക്കൂടെ.. ” ബാക്കി  കഥ  പറയാൻ  പറ്റാത്ത  ദേഷ്യം  അവർ ആ കുഞ്ഞിനോട്‌  കാണിച്ചു..  തന്നെ കുറിച്ചുള്ള  കുറ്റം പറഞ്ഞത്  ആണെന്ന്  അറിയാവുന്ന  അവൾ  വേഗം  കുഞ്ഞിനെ  അമ്മൂമ്മയുടെ  കൈൽ  കൊടുത്ത്  അടുക്കളയിലേക്ക്  തിരിഞ്ഞു.

 

“ദേവിയെ  അരി ഊറ്റിയോ,  എങ്കി  ഇമ്മിണി  കഞ്ഞിവെള്ളം  മാറ്റി വെച്ചേക്ക്..   പ്രേത്യേകിച്ചു  അനക്കം  ഒന്നും മരുമകളായ  ദേവിയിൽ  നിന്നും എത്തീല. 

കുഞ്ഞമ്മാൾ  ഒരു നോട്ടം നോക്കി  കുഞ്ഞുമായി  പറമ്പിലേക്  പോയി,  കുഞ്ഞിന്റെ  കരച്ചിൽ  കഴിഞ്ഞിരുന്നു . അടുക്കളയിലെ ഓരോ പണിക്കിടയിൽ  വന്ന ഫോൺ കാൾ എടുത്തു. ഭർത്താവ് മറുതലയ്ക്കു കുശാലാന്വേഷണത്തിൽ ആയിരുന്നു. അടുപ്പില്  എന്തോ കരിയുന്ന പോലെ തോന്നിയപോ അവൾ അങ്ങോട്ട്‌ ഓടി,  പാത്രം അടുപ്പിൽ നിന്നും എടുത്തു വേഗം മാറ്റി..

അപ്പോളേക്കും അവളുടെ കൈ പൊള്ളി അവൾ എന്തൊക്കെയോ തെറി പറയുന്നുണ്ടായിരുന്നു.. അടുക്കള വാതിലിൽ  കൂടി  കുഞ്ഞുമായി  അടുക്കളയിലേക്  ചെവിയോർത്തു കൊണ്ട്  അമ്മായി   കുഞ്ഞിനേം  എടുത്തു കൊണ്ട്  പോകുന്നു..  കുഞ്ഞിനോട് ആയി കുഞ്ഞമ്മാൾ ” നിന്റെ അമ്മയ്ക്ക്  ഫോണിൽ പിറുപിറുപ്പ് കൂടുതലാ ഇപ്പോ.. “

നിഷ്കളങ്കമായ  ഒരു പുഞ്ചിരി  ആ  കുഞ്ഞിൽ  നിന്നും അവർക്ക് സമ്മാനം ആയി  കിട്ടി,  എന്താണ്  എന്ന് പോലും  അറിയാത്ത  ദൈവത്തിന്റെ മാത്രം  കുഞ്ഞുങ്ങളോട്  എന്ത്  പറഞ്ഞാലും  അവരുടെ  ഭാഷ  എന്നും നിഷ്കളങ്കമായി  തന്നെ  ഇരിക്കും.  കുഞ്ഞും  അമ്മൂമ്മയും വീടിന്റെ മുന്നിലെ  സിറ്റൗട്ടിൽ എത്തീരുന്നു.

അവിടെ അമ്മായി  വന്നു എന്നറിഞ്ഞ മരുമോൾ  ഒരു കപ്പ്‌ കഞ്ഞിവെള്ളവുമായി  വന്നു  കുഞ്ഞിനെ  എടുത്ത്  തിരികെ  റൂമിലേക്കു  പോയി..  നേരം  സന്ധ്യയോട് അടുക്കുന്നു,  ഇതുവരെയും കാണാത്ത  കെട്ടിയവനെ  നോക്കിയും  ടീവി സീരിയലിൽ നോക്കിയും ഇരിക്കയാണ്  ദേവി എന്ന് വിളിപ്പെരുള്ള  ദേവിക.  ടീവി  കഥാപാത്രങ്ങൾക്  നടുവിലെ  വേറെ  ഒരു കഥാപാത്രം  ആയി  കുഞ്ഞമ്മാളും..

 

ചില കഥാപത്രങ്ങളെ  സ്വയം  തെറിപറഞ്ഞും,  വിങ്ങി കരഞ്ഞും  ദിവസവും  സീരിയലിനു അടിമ പെട്ടൊരു  പൂർണ്ണ  വയസ്ക  അതായിരുന്നു കുഞ്ഞമ്മാൾ.  പതിവിലും  താമസിച്ചായിരുന്നു  വേണു  അന്ന് വന്നത്,  കുഞ്ഞു മകൾ  ദേവിടെ കൈൽ  ഇരുന്നു  ഉറക്കം പിടിച്ചിരുന്നു…  തന്റെ സ്കൂട്ടർ  ഒതുക്കി വെച്ചിട്  അയ്യാൾ  വീട്ടിലേക്  കയറുമ്പോൾ,  കുഞ്ഞിനേം തോളിൽ ഏറ്റി അവൾ വാതിൽക്കൽ  നില്കുന്നുണ്ടായിരുന്നു.. 

 

ഒന്നും തന്നെ ചോദിക്കാതെ  മുഖം  കെട്ടിവീർപ്പിച്ചു.. ദേഷ്യവും സങ്കടവും കലർന്ന  ഭാവത്തിൽ.. അയാൾ  അവളുടെ അടുത്തേക്  എത്തി.  ” എന്താ  എന്റെ  കുട്ടൻ പിണങ്ങിയോ?  ഇന്ന്  ഞാൻ  നമ്മുടെ  ജെയിംസിനെ  കണ്ടു,  അവൻ  ഇന്നലെ  ഗൾഫിൽ നിന്നും വന്നു.. “‘ഓഹ്ഹ്  അപ്പോ അതാരുന്നോ  സൽക്കാരം ? ‘

‘വേണുവേട്ടനോട്  എത്ര പ്രാവശ്യം  ഞാൻ  പറഞ്ഞു  കുടിക്കരുത് എന്ന്..  എന്നും ഏട്ടന് ഓരോ കാരണം  ഉണ്ടാകും…

എന്റെ  കാര്യങ്ങൾ  ഒന്നും നോക്കണ്ട,  ഒരു പൊടി കുഞ്ഞുണ്ടല്ലോ  അവളുടെ കാര്യങ്ങൾ  എങ്കിലും ഏട്ടന് ഓർത്തൂടെ..

അവൾക്  ഒരു ഫാരക്സ്  പൌഡർ  വാങ്ങിക്കണമ്  എന്ന് പറഞ്ഞിട്ട്  എത്ര ദിവസായി ഏട്ടാ..

‘…ഒന്നും ചെയ്യണ്ട,  കൂട്ടുകാരും കൂടി  അവരുടെ  കാര്യങ്ങൾ  നോക്കി നടന്നോ.. അതാണല്ലോ ഏട്ടന് വലുത്. ‘  പരിഭവങ്ങളുടെ കേട്ട്  അഴിക്കുന്നു  എന്ന് മനസിലായ  വേണു,  അകത്തേക്കു  കയറി,  ഇതൊന്നും അറിയാതെ  ടീവി ക്കു ഉള്ളിലെ കഥാപത്രമായി ഇരിക്കുന്ന  തന്റെ അമ്മയെ   ഒന്ന് നോകീട്ടു  റൂമിലേക്കു  പോയി.

 

രാത്രിയുടെ  യാമങ്ങൾക്ക് നീളം  കൂടി വരുന്നു,  ഒരു ഉഷ്ണകാറ്റ്  പടിഞ്ഞാറു നിന്നും വീശി പോയി,  എങ്കിലും ഇലകൾക്കു ഒന്നും ഒരു ചലനവും  ഉണ്ടായിട്ടില്ല.. 

 

നല്ല  ചൂടുള്ള  ആ രാത്രിയിൽ,  ആനവണ്ടി കയറ്റം കയറുന്ന പോലുള്ള  ശബ്ദത്തിൽ  ഒരു ഫാൻ  ചലിച്ചു കൊണ്ടിരുന്നു. മോളെ  പാല് കൊടുത്ത്  ഉറക്കിയ ശേഷം,  ദേവി  നിവർന്നു കിടന്നു,  ഒന്നും  മിണ്ടാതെ  കിടന്നു ഉറങ്ങുന്ന  ഭർത്താവിനെ  കണ്ടപ്പോ  അവളിലേക്കു  ദേഷ്യം  ഇരച്ചു കയറി..  ഭർത്താവിന്റെ  മുഖത്ത് കൈ കൊണ്ട്  ഒന്ന് തട്ടി,  അറിഞ്ഞിട്ടും അറിയാത്ത പോലെ അയാൾ  കിടന്നു.. 

അവൾക്  അരിശം  മൂത്തു,  ‘ ഏട്ടാ  എന്റെ  ഒരു ചുരിദാർ എത്ര നാളായി  ആ കടയിൽ  കൊണ്ടിട്ടിട്ട് ,  അത് ഒന്നു വാങ്ങി കൊണ്ട്  വരാൻ  നേരമില്ല.. 

ഈ കണ്ട സമയം മുഴുവൻ ഞാൻ  കിടന്നു  പെടാപ്പാട് പെട്ടിട്ടും  എന്നോട് ഒരു നല്ല വാക്ക്   മിണ്ടാനും സമയമില്ല..  നോക്കിക്കോ..  ഞാൻ  എല്ലാവരേം  കാണിച്ചു തരാം.. 

എത്രയോ  നല്ല  ചെക്കൻമാർ  വന്നതാ എന്നിട്ടും.. എന്റെ  തലയിൽ ഇതേ  വിധിച്ചോള്ളല്ലോ ഭഗവാനെ…  അവളുടെ കണ്ണുകൾ നിറയുന്നത് അയാൾ മനസിലാക്കി, ഇനിയും മിണ്ടാതെ  ഇരുന്നാൽ  സംഗതി വഷളാകും,  അയാൾ  അവളെ  മുറുകെ കെട്ടിപിടിച്ചു നെറുകയിൽ ഒരു ചുംബനവും നൽകി..  ഒരു കള്ള ചിരിയിൽ  അവളുടെ ആ  സങ്കടം കഴിഞ്ഞു..

“ദേവൂ  ഞാൻ  ഓർക്കാഞ്ഞിട്ടല്ല,  ജെയിംസ്  വിളിച്ചപ്പോ  പോകാതിരിക്കാൻ  കഴിഞ്ഞില്ല,  അപ്പോ പിന്നെ അവന്റെ  സന്തോഷം  അല്ലെ ,  ഒന്നാമത്  അവനു ആരുമില്ല  എന്ന  ദുഃഖം..  ഇത്ര അധികം  സാമ്പാദിച്ചിട്ട്  എന്ത് കാര്യം..  കൂടെ നിൽക്കേണ്ടേ  ഭാര്യ  കാർ  ഡ്രൈവറുടെ കൂടെ പോയി…. “

അയാളുടെ കണ്ണുകളിലേക്ക് നോക്കി കിടന്ന  അവൾ ഇടയ്ക്ക് കയറി, 

‘ ഏട്ടാ.. അവൾ കേസ് കൊടുത്ത്  എന്ന് പറഞ്ഞോതൊക്കെയോ.? ‘

“ആഹ്ഹ, അവൾ  കൊടുത്തിട്ട്.  പണ്ട് കൊണ്ട് വന്ന പത്തു ഇരുപതു  പവൻ  തിരികെ  കൊടുക്കണം,  പക്ഷെ  അവൾ  കൊണ്ട് പോയതോ?    അതിലും കൂടുതൽ  സ്വർണ്ണവും പണവും  കാറും ഒകെയ്  കൊണ്ട്   പോയില്ലേ? അവനു എന്ത്‌  ജീവനായിരുന്നു അവളോട്‌,  പക്ഷെ പണവും സ്വർണ്ണവും  കൊണ്ട്  ഉന്മത്ത ആയപ്പോ യഥാർത്ഥ സ്നേഹം അവൾ  മറന്നു..  ഡ്രൈവറിൽ നിന്നും  അവൾടെ  കാമം  ശമിപ്പിക്കാനെ കഴിയു..  ഇതുപോലെ  ധൂർത് നടക്കില്ല,  കുറച്ചു കഴിയട്ടെ  അപ്പൊ  അവൾക്  മനസിലാകും..”

‘ശരിയാ  ഏട്ടാ.. ‘ അയാളുടെ  നെഞ്ചിൽ തല ചായ്ച്ചു എന്തോ ആലോചിച്ചു കിടന്നു. “ദേവൂ,  ഞാൻ ഒരു കാര്യം പറയട്ടെ.. ” ‘മ്മ്മ്  പറ ഏട്ട..’

 

അവളുടെ തലമുടിയിൽ കൈകൾ തഴുകി കൊണ്ട് അയാൾ പറഞ്ഞു :

“നമ്മുടെ കല്യാണിടെ  കാര്യം  വലിയ  കഷ്ടത്തിലാ.. “

അത് കേട്ടതും  ഷോക്ക് അടിക്കുന്ന  അതെ സ്പീഡിൽ  എണീറ്റ്  അവൾ കുഞ്ഞിന്റെ  അരികിലേക്  തിരിഞ്ഞു കിടന്നു..

അയാൾ  അവൽക്കരികിലേക്കു  നീങ്ങി  കെട്ടിപിടിച്ചു കിടക്കാൻ  നോക്കി  എങ്കിലിം അവൾ  കൈ  തട്ടി മാറ്റി..

‘ എനിക്ക്  ഒരുത്തികളേം  കുറിച്ച് കേൾക്കണ്ട,  പോയി  അവളുടെ കൂടെ താമസിച്ചോ..  എന്നോട്  ഒന്നും പറയുകേം വേണ്ട,  എന്നേം എന്റെ മോളേം  എന്റെ  വീട്ടിൽ കൊണ്ടാക്കിക്കോ.. ‘

അവൾ  രൗദ്ര ഭാവം  കൈ കൊണ്ട്  എന്ന് മനസിലാക്കിയ  അയാൾ  ഒന്നും മിണ്ടാതെ  കിടന്നു..

കുറച്ചു നേരം  അവിടെ നിശബ്ദമായി  തുടർന്ന്.. അയാൾ  ഒരു കൈ  നെറ്റിയിൽ വെച്ച് കൊണ്ട്  ഉറങ്ങാതെ  എന്തോ  ആലോചിച്ചു കിടന്നു..  അവൾ  തിരിഞ്ഞു  നോക്കിയിട്ട്,  വീണ്ടും  തുടർന്നു

‘ കുഞ്ഞുനാൾ മുതൽ  ഉള്ള  സ്നേഹം ആയിരുന്നിലെ,  പിന്നെ എന്താ കെട്ടാഞ്ഞേ,  ഇപ്പോ  ഒരു സഹതാപം  കൊണ്ട്  വന്നേക്കുന്നു..  അവൾ തന്നെ അല്ലെ  അയാളെ തിരഞ്ഞെടുത്തത്,  കലാകാരനെ  മതി  എന്ന് പറഞ്ഞു..  ഇപ്പോ അയാൾ  ആരുടെയോ  കൂടെ പോയതിനു  എനിക്കാ  പൊറുതികേട്… ‘ അതെ വേഗത്തിൽ  വീണ്ടും  പഴയ പൊസിഷനിലേക്  പോയി.

അയാൾ  നിശ്ചലനായി  കിടന്നു,  ഓർമ്മയുടെ മുകളങ്ങളിൽ  എപ്പോളോ വീണ്ടും കല്യാണിയിലേക് പോയി  .. അപ്പച്ചിയുടെ  മോളായിരുന്നു,  ഡാൻസ് ആയിരുന്നു  അവളുടെ എല്ലാമെല്ലാം. തന്റെ ഇഷ്ടം  അറിയിച്ചു എങ്കിലും  അവൾ  അത്  നിരസിക്കുകയോ  സ്വീകരിക്കുകയോ  ചെയ്തിരുന്നില്ല.. അങ്ങനെ  ഇരിക്കെ  ഒരു പ്രോഗ്രാമിനു  ബാംഗ്ലൂരിലേക്  പോയ  അവൾ തിരികെ  വരുമ്പോൾ  മറ്റൊരാൾ  കൂടി ഉണ്ടായിരുന്നു..  അയാൾക്കൊപ്പം  പിനീട്  സ്കൂൾ നടത്തിയാണ് ജീവിച്ചു പോന്നത്,  ഇതിനിടയിൽ 2 പെൺകുട്ടികൾ കൂടി ആയപ്പോ  അവൾ കൂടുതൽ  വീട്ടുകാരി ആയി  മാറി,  അതോടെ  ഡാൻസ്  സ്കൂൾ  നൃത്ത അധ്യാപകനായ ഭർത്താവ് മാത്രം  ആയി,  അവിടെ എത്തിയ ഒരു കുട്ടിയെ  എന്തോ  ചെയ്തു  എന്ന ആരോപണം വന്നതോടെ  അയാൾ  നാടുവിട്ടു.. സ്കൂൾ നാട്ടുകാർ പൂട്ടിക്കുകയും  ചെയ്തു.. അതോടെ കല്യാണിടെ കാര്യം മൊത്തം  താളം തെറ്റി,  വീട്ടിൽ  നൃത്തഭ്യാസത്തിനു ആയി  ആരും കുട്ടികളെ  വിടാതെയും  ആയി..

അവളെ  ജീവിക്കാൻ  ഏതു വിധേനെയും  സഹായിക്കണമ്  എന്നതാനു വേണുവിന്റെ  ഉള്ളിൽ.. 

രാത്രിയുടെ നിശബ്ദതയിൽ എപ്പോളോ  അയാളുടെ  കൂർക്കം വലി ആ റൂമിൽ  നിറഞ്ഞു കേട്ടു.

കിഴക്കേ പ്രഭാതം,  ചെങ്കതിര് അണിഞ്ഞു, ആ വീട്ടിന്റെ വേലിക്കരികിലൂടെ ഇരുന്നൂർ മീറ്റർ താഴേക്കു മാറി വലിയ ഒരു പാടം ഉണ്ട്.  അവിടെക്  വേലു ആശാൻ  ഏഴര വെളുപ്പിന് പോകും,  മകരത്തിൽ കൊയ്യാൻ പാകത്തിൽ  നെൽകതിരുകൾ  വിളവൊത്ത് വരുന്നുണ്ടായിരുന്നു.. അവിടെ കുഞ്ഞു കുഞ്ഞു  ജോലികൾ  തീർത്തു തിരികെ വരുമ്പോൾ  ഈ വീട്ടിൽ കയറി ചായയും കുടിച്ചു കാര്യവും പറഞ്ഞെ പോകാറുള്ളു,  അന്നും പതിവ് തെറ്റിയില്ല..

 

അടുക്കളയിൽ തന്റെ സ്ഥിരം ജോലികളിൽ  മുഴുകി,  ഇന്ന് ഏട്ടന് ചോറ് കൊടുത്തു വിടാൻ വേണ്ടി എല്ലാം നേരത്തെ ഒരുക്കി.

വേണു ഒരു മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ ആയിരുന്നു, സാധാരണക്കാരിൽ  സാധാരണക്കാരൻ ആയ പച്ചയായ മനുഷ്യൻ.

ആയാളും  ജോലിക് പോകാനുള്ള തയ്യാറെടുപ്പ് നടത്തി,  ഇറങ്ങാൻ നേരം,  കുഞ്ഞമ്മാൾ : ‘ ഡാ  നീ  ഇന്ന് തെക്കേടം വരെ ഒന്ന് പോകണം,  അവളുടേം  പിള്ളേരുടേം വിവരം ഒന്നും ഇല്ല കുറച്ചായിട്ട്..’

തെക്കേടം എന്നൊരു ചെറിയ സ്ഥലപേര് ആണ്,  അവിടെ ആണ് കുഞ്ഞമ്മാളിന്റെ  മകളെ കെട്ടിച്ചു വീട്ടിരിക്കുന്നത്.

 അയാൾ  കേട്ടഭാവം നടിക്കാതെ തന്റെ സ്കൂട്ടറിൽ കയറി, ഒരു കൈൽ  കുഞ്ഞു മോളും മറുകയിൽ ചോറ് പാത്രം അടങ്ങുന്ന  ഒരു ബാഗുമായി  ദേവി  അയാൾക്കരികിലേക് ചെന്നു. മോളെ കൈൽ നിന്നും വാങ്ങി  പുന്നാരിച്ചിട്ട്,  മൂർദ്ധാവിൽ  ഒരു ഉമ്മ്മയും  കൊടുത്ത്  കുഞ്ഞിനെ  തിരികെ അവളെ ഏല്പിച്ചു.

ആ കുഞ്ഞു  കവിളുകളിൽ സന്തോഷം  അലയടിക്കുന്നുണ്ടായിരുന്നു. തെളിഞ്ഞു വരുന്ന  കുഞ്ഞി പല്ലുകൾ  കാട്ടി  അവളും എന്തോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു..

ആംഗ്യഭാഷയിൽ  ഭാര്യയ്ക്കും കൊടുത്തു  ഒരു ചുംബനം. വണ്ടി സ്റ്റാർട്ട്‌  ആക്കി  വേലിക്കെട്ടുകൾ കടന്നു പോകുന്നത്  എല്ലാവരും  ശ്രെദ്ധയോടെ  നോക്കി  നിന്നു… മെഡിക്കൽ ഷോപ്പിലെ തിരക്ക്  ഒഴിഞ്ഞ സമയം നോക്കി അടുത്ത തുണിക്കടയിലെ ഖാദർ ഇക്കയെ പോയി കണ്ടു,  കല്യാണിക്കു  കടയിൽ ഒരു ജോലി തരപ്പെടുതാൻ കഴിയും  എന്ന വിശ്വാസം ആയിരുന്നു,  എന്നാൽ ഖാദർ ഇക്കയ്ക്  കച്ചോടം ഇല്ലാത്തത് കൊണ്ടും സ്റ്റാഫ്‌  വേണ്ടാത്തത് കൊണ്ടും  പുള്ളിക്കാരൻ,  അടുത്ത ബേക്കറിയിലെ മമ്മദ് കാക്കയോട് ചോദിച്ചു വിവരം പറയാം എന്ന് പറഞ്ഞു..

നേരം വൈകി തുടങ്ങി,  ഖാദറിക്കയുടെ മറുപടി കാത്തു നിന്ന അയാളെ  തേടി ആ സന്തോഷ വർത്തമാനം എത്തി.  “ബേക്കറിയിൽ  ക്യാഷ്യർ ആയി നിർത്താന്നു മമ്മദിക്ക സമ്മയിച്ചു,  പടച്ചോൻ  നേരും നെറിയും ഉള്ളതാണ്  മോനെ..  അത്കൊണ്ടാണ്.. ” ഇത്രേം പറഞ്ഞു വയസ്സായ ആ മനുഷ്യൻ അവിടെ നിന്നും അവരുടെ ഷോപ്പിലേക് പോയി..

സന്ധ്യ യോടടുക്കുമ്പോളേക്കും,  തന്റെ ഡ്യൂട്ടി കഴിഞ്ഞു അയാൾ നാല്കവലയിൽ എത്തീരുന്നു.  അവിടെ നിന്നും വടക്കോട്ട്  അര ഫർലോങ്ങ് മാറിയാണ് കല്യാണിയുടെ വീട്,  കുട്ടികൾക്ക് കുറച്ചു പലഹാരങ്ങൾ  വാങ്ങി അയാൾ അങ്ങോട്ടേക്ക് പോയി.. കല്യാണിയുടെ  മക്കൾ  അയാളെ  കണ്ടപ്പോൾ തന്നെ  ഓടി അടുത്ത് ചെന്ന്,  അവർക്കുള്ള പലഹാരപൊതി  കൊടുത്തു,  അതുമായി  അവർ ,  ആ ഓട് മേഞ്ഞ ചെറിയ പുരയുടെ തിണ്ണയിൽ ഇരുന്നു.  കല്യാണി  അയാളുടെ അടുത്തേക്  വന്നു.

‘ എന്തിനാ വേണുവേട്ടാ  ഇതൊക്കെ,  ഇവർക്കു ഇതൊന്നും ശീലമില്ലാത്തത്  ആണ്. “ഓഹ്ഹ്  അതിനിപ്പോ  എന്താ,  ഇവർ എന്റെയും  മക്കളല്ലേ..?

നീലാകാശത്തു ചന്ദ്രൻ  വെള്ളി കിണ്ണം നീട്ടി  ചിരിച്ചു നിൽക്കുന്നു,  ആ പ്രഭയിൽ  അവളുടെ മൂക്കുകുത്തി  വെള്ളാരം കല്ല്  പോലെ  തിളങ്ങി. അവളുടെ കണ്ണുകൾ ഈറനണിയും പോലെ തോന്നി..

” ആഹ്ഹ് കല്യാണി,  നിനക്ക് ഒരു ജോലി ഞാൻ  തരപ്പെടുത്തീട്ടുണ്ട്,  മമ്മദിക്കാന്റെ ബേക്കറിയിൽ..  അടുത്ത ആഴ്ച മുതൽ പോയി തുടങ്ങണം,  നാളെ അവിടെ വരെ  വന്നു അദ്ദേഹത്തെ  ഒന്ന് കണ്ടു പോരെ.. “

അയാൾ  അവളുടെ കണ്ണുകളിൽ  നിന്നും  മുഖം  മാറ്റാതെ  നോക്കി തന്നെ  നിന്നും.

‘ശരി  ഏട്ടാ ‘ എന്ന് മാത്രം  അവൾ മറുപടി  പറഞ്ഞു..

അയാൾ  പോകാനിറങ്ങി,  അവിടെ നിന്നു ഇറങ്ങുമ്പോളെ  ദേവിയുടെ വിളി വന്നു,  കുഞ്ഞിന് വേണ്ട സാധനങ്ങൾ… 

സത്യത്തിൽ അയാൾ  ഇന്ന് അത് മറന്നിരുന്നില്ല.. ആകാശം കറുത്ത് തുടങ്ങി,  ഒരു കൊള്ളിയാൻ അവർക്കിടയിലൂടെ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി പോയി..   വീണ്ടും അയാൾ  യാത്ര  തുടർന്നു..

ദിവസങ്ങൾ  അടർന്നു വീണു കൊണ്ടിരുന്നു.. ഓരോ ദിവസവും ഓരോ കാര്യങ്ങൾ വന്നു ചേർന്നു കൊണ്ടിരുന്നെങ്കിലും,  സമൂഹത്തിന്റെ മുറിവേൽക്കാത്ത പാടുകൾ  അയാൾക്ക് മുന്നിൽ അവശേഷിച്ചിരുന്നു. .

 ഒരു കുടുംബം  ഉണ്ടെങ്കിലും രണ്ടു കുടുംബത്തിന്റെ ഉത്തരവാദിത്തം അയാൾ  മറ്റാരും അറിയാതെ നിറവേറ്റി  പോരുന്നു..

 

 

 കഥാകൃത്ത്‌  –      അജി എസ്സ് കൊല്ലം

Previous Next