30
September 2020
Wednesday
02:25 pm IST
Kozhikode
28°
Mostly Cloudy

യാചകന്‍ – കഥ

April 26, 2019 | 5:59 PM | | admin
yachakan

 

 അയാള്‍ ആ വൃത്തികെട്ട പാതവക്കിലൂടെ നിറുത്താതെ നടന്നുകൊണ്ടേയിരുന്നു . ചുട്ടുപൊള്ളുന്ന വെയിലിന്‍റെ ചൂട് ഒട്ടും ഗൌനിച്ചതെയില്ല  . ഒരു ലക്ഷ്യവുമില്ലാതെ എങ്ങോട്ടെന്നില്ലാതെ നടന്നുകൊണ്ടിരുന്നു  . കീറി പറിഞ്ഞ പാന്റും ഷര്‍ട്ടും. ദേഹം മുഴുവന്‍ കരി പുരണ്ട കറുത്ത പാടുകള്‍ . ജട പിടിച്ചു പാറി കിടക്കുന്ന മുടി . ഒട്ടിയ കവിളുകള്‍ . നഗ്നപാദനായി ടാറിട്ട റോഡിലൂടെ പൊള്ളുന്ന കരിങ്കല്‍ പാതയിലൂടെ അയാള്‍ നടന്നു നീങ്ങി . കുഴിഞ്ഞ കണ്ണുകളിലെ തിളക്കം കൃഷ്ണമണി ഒതുങ്ങി നിന്നു  . ചുറ്റിനും പരതി നോക്കി ഒരിറ്റു  ദാഹ ജലത്തിനായ്‌ . ജീവിക്കാന്‍ കൊതി തോന്നിയ നിമിഷത്തില്‍ , ഒരു നേരത്തെ അഹാരത്തിനായു അയാള്‍ ഉഴറി നടന്നു. സൂര്യ രശ്മികള്‍ ടാറിട്ട കരിങ്കല്ല് പാളികളില്‍ വെട്ടിത്തിളങ്ങി . ആ പ്രകാശ കിരണങ്ങള്‍ അയാളുടെ കണ്ണുകളിലേക്കു അടിച്ചു. ജീവിതത്തിലേക്കുള്ള പ്രകാശ പ്രയാണത്തിനു ഇത്ര ശക്തിയോ . അറിയാതെ ചിന്തിച്ചു പോയി . ആ ചിന്താകിരണം അയാളില്‍  ഒരു ചലനം സൃഷ്ടിച്ചു . പക്ഷെ …,  വയ്യ , ഇനി വയ്യ . ഒരടി പോലും നടക്കാന്‍ ശരീരം അനുവദിക്കുന്നില്ല . ജലത്തുള്ളികള്‍ വിയര്‍പ്പു കണങ്ങളായ് ദേഹത്തുകൂടെ ഒഴുകാന്‍ തുടങ്ങി. കണ്ണുകള്‍ മേലോട്ടു നോക്കി. മുകളില്‍ നീലാകാശം , താഴെ പച്ചപ്പ്‌ പരന്നു കിടക്കുന്ന ഭൂമിയും . ഇന്നോ നാളെയോ എന്ന് തോന്നുമാറു ആയുസ്സ് മുറ്റി ഉണങ്ങി ശോഷിച്ച മരത്തിന്റെ കമ്പ് പോലെ ഞാനും എന്ന ചിന്ത അയാളെ കൂടുതല്‍ ഭയച്ചകിതനാക്കി . ഇനി എത്ര നാള്‍ ഈ മനുഷ്യ ജന്മം . ആര്‍ക്കുവേണ്ടി . എന്തിനു വേണ്ടി . അയാള്‍ ഒരു മരത്തണലില്‍ പതുക്കെ ഇരുന്നു. വേദന സഹിക്കാന്‍ മേല . കൈകാലുകള്‍ തളരുന്നു. ദൈവമേ രക്ഷിക്കണേ . ജീവസുറ്റ ശരീരത്തിലെ ആത്മാവില്‍ നിന്നുയര്‍ന്ന രോദനം ആരു കേള്‍ക്കാന്‍ . അത് കേള്‍ക്കാന്‍ ആര്‍ക്കാണ്  സമയം . ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങി തിരിയുമ്പോള്‍ ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍ . അല്ലേലും യാചകന്റെ കരച്ചിലിന് എന്ത് വില . ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടി നടക്കുന്ന പാവം ദരിദ്രവാസി , അതാണല്ലോ എല്ലാവരുടെയും മനസ്സിലെ ചിന്ത  . ബസ് സ്റ്റാന്റ് കളിലും പീടിക വരാന്തകളിലും അന്തിയുറങ്ങുമ്പോള്‍ , എലികളും പാറ്റകളും കൊതുക് കടിയും കൂട്ടുണ്ടായിരുന്നു. ചീവീടുകള്‍ രാത്രികളില്‍ പാട്ട് പാടി ഉറക്കി . വവ്വാലുകളുടെ ചിറകടികള്‍ക്കു ഒരു സംഗീതമുണ്ടായിരുന്നു, ആ താളലയത്തില്‍  മറ്റെങ്ങും കിട്ടാത്ത സമാധാനത്തോടെ തളര്‍ന്നുറങ്ങി .  ഉറങ്ങുമ്പോള്‍ ദേഹത്ത് പറ്റിപിടിച്ച അഴുക്കു കലര്‍ന്ന മന്‍തരികള്‍ക്ക്  ഒരു സുഗന്ധം ഉണ്ടായിരുന്നു. എല്ലാ ദിവസവും ഇത്  ഒരു ശീലമായി മാറി. ജീവിതത്തിന്റെ ഭാഗമായി .

അടുത്ത് കണ്ട തട്ട് കടയിലെ ബെഞ്ചിലേക്ക് അയാള്‍ ആര്‍ത്തിയോടെ നോക്കി. ആരോ ബാക്കി വെച്ചുപോയ പാതി ആഹാരം . ഉണങ്ങി കിടന്ന രക്ത ധമനികള്‍ ഒന്ന് ത്രസിച്ചു . ആരോഗ്യം ഉരുകിതീര്‍ന്ന ശരീരത്തിന്‍റെ ആഹാരത്തിനു വേണ്ടിയുള്ള ഉള്‍വിളി അയാള്‍ വേദനയോടെ കടിച്ചമര്ത്താന്‍ ശ്രമിച്ചു. എങ്കിലും അയാളുടെ കൈകാലുകള്‍ അവിടേക്ക് ചലിച്ചു. രണ്ടു കൈകള്‍ കൊണ്ടും ആ ഭക്ഷണ പൊതി ആര്‍ത്തിയോടെ വാരിയെടുത്തു . വാ തുറന്നു. പെട്ടെന്ന്  ഉരുക്ക് മുഷ്ടിപോലെയുള്ള രണ്ടു ബലിഷ്ടമായ കരങ്ങള്‍ ആ എച്ചിലാഹാരം തട്ടി തെറിപ്പിച്ചു. ഒട്ടും പ്രതീക്ഷിച്ചില്ല . ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ മനുഷ്യ ജന്മത്തിന്റെ പ്രതികരണം . ആ എച്ചില്‍ അയാളുടെ മുഖത്തുകൂടെ ഒഴുകിയിറങ്ങി . നാക്ക്‌ നീട്ടി അയാളത് നുണഞ്ഞെടുത്തു .

ആ തട്ടു കടയില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ വന്ന ഒരു പോലീസുകാരന്‍ , കഴിച്ചിട്ട് ബാക്കി വെച്ചേച്ചുപോയ എച്ചില്‍ ആഹാരമായിരുന്നു അത്. എന്നാലും ഒരു യാചകന്‍ വന്നു അത് കഴിച്ചത് അയാള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ല . അത് തന്നെയുമല്ല, ആ പോലീസുകാരന്‍ നന്നായി മദ്യപിചിട്ടുമുണ്ടായിരുന്നു . അയാള്‍  ഈ തട്ടു കടയില്‍ നിന്നാണ്  പതിവായി വന്നു ഭക്ഷണം കഴിക്കാറ് . തട്ടു കടയിലിരുന്ന രാമന്‍കുട്ടി അലര്‍ച്ച കെട്ടു അന്ധാളിച്ചു നെറ്റി ചുളിച്ചു പോയി . ഒരു വല്ലാത്തൊരു ദയവു രാമന്കുട്ടിക്ക് യച്ചകനോട് തോന്നാതിരുന്നില്ല . “ നിന്റെ തന്തയും തള്ളയും ഒക്കെ എവിടെയനെടാ …ഇങ്ങനെ ഒരു ജന്മങ്ങള് ..” അയാളുടെ ക്രോധം തീര്‍ന്നില്ല .  തെല്ലും പുച്ഛത്തോടെ ആ പോലീസുകാരന്‍ ആക്രോശിച്ചു. കാശു കൊടുത്തെച്ചു ജീപ്പില്‍ കയറി ഉടന്‍ തന്നെ അയാള്‍ പോയി. എന്തോ രാമന്കുട്ടിയുടെ കാരുണ്യം കൊണ്ട് ആ യാചകന് കുറച്ചു ജീവജലം കുടിക്കാന്‍ കിട്ടി. അയാള്‍ വീണ്ടും ആ മരത്തണലില്‍ പോയി ഇരുന്നു. ഉള്ളില്‍ തിരമാല കണക്കെ വിങ്ങിപ്പോട്ടിയ കരച്ചില്‍ കടിച്ചമാര്ത്താന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. കുഴിഞ്ഞ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. യാചകനും കരച്ചില്‍ ഉണ്ടാകുമോ !!!!!!!

അയാളുടെ ഓര്‍മ്മകള്‍ ഭൂതകാലത്തിന്റെ വിദൂരതയിലേക്ക് പറക്കുവാന്‍ വെമ്പല്‍ പൂണ്ടു.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഏതോ വഴക്കിന്‍റെ പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോന്നതാണ് . അലഞ്ഞു തിരിഞ്ഞു നടന്ന ഞാന്‍ ഏതൊക്കെയോ ഇരുണ്ട  യാമങ്ങളിലൂടെ ഇഴഞ്ഞു നീങ്ങി. കഴുത്തില്‍ കിടന്നിരുന്ന ഒരു സ്വര്‍ണ്ണമാല വിറ്റ് കുറച്ചുനാള്‍ ചെലവു കഴിഞ്ഞു. കാശ് തീര്‍ന്നപ്പോള്‍ അന്തിയുറങ്ങാന്‍ റയില്‍വേ സ്റ്റെഷനുകളും ബസ് സ്റാണ്ടുകളും ആശ്രയമായി. വന്ന വഴി അറിയില്ല . വീട് വക്തമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല . അങ്ങ് ഒത്തിരി കാതങ്ങളോളം ദൂരെയാണെന്നു  മാത്രം  അറിയാം . അച്ഛന്‍റെയും  അമ്മയുടെയും   മുഖം ഓര്‍ക്കുന്നുണ്ട് .

പെട്ടെന്ന് ഒരു കാര്‍ വന്നു ആ മരത്തണലില്‍ വന്നു നിന്നു . അതില്‍നിന്നും ഇറങ്ങി വന്ന ബാലന്‍ ഒരു ഭക്ഷണ പൊതി അയാളുടെ മുന്‍പില്‍ കൊണ്ടുവന്നു വെച്ചിട്ട് തിരിച്ചുപോയി . അയാളുടെ ആര്‍ത്തി പൂണ്ട  കണ്ണുകള്‍ ആ ഭക്ഷണ പൊതിയില്‍ ആവേശത്തോടെ നോക്കി. കൈകള്‍ തികച്ചും യന്ത്രങ്ങളായ് മാറി .ആര്‍ത്തിയോടെ കഴിക്കവേ ,  ഒരു നിമിഷനേരത്തില്‍ അയാള്‍ ഭക്ഷണ പോതിയില്‍ കണ്ട പത്ര പരസ്യത്തില്‍ മനസ്സു ഉടക്കി നിന്നു . ബാക്കിയുള്ള ആഹാരം കഴിക്കുവാന്‍ പോലും സാധിച്ചില്ല. ആറ്റു നോറ്റിരുന്നു കഴിക്കാന്‍ കിട്ടിയ ഭക്ഷണം , അത് കഴിക്കാന്‍ പറ്റിയില്ലെങ്കിലത്തെ അവസ്ഥ ഒരു യാചകന് നന്നായിട്ട് അറിയാന്‍ പറ്റും. ആ പത്രപരസ്യം അയാള്‍ ചുളിവുകള്‍ മാറ്റി നേരെയാക്കി എടുത്തു. വിശ്വാസം വരാതെ അത് വീണ്ടും വീണ്ടും  വായിച്ചു. അതില്‍ അയാളുടെ പടം ഉണ്ടായിരുന്നു. അന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോന്ന സമയത്തെ , ആ ചെറുപ്പകാലത്തെ ഫോട്ടോ . എന്‍റെ അച്ഛന്‍ കൊടുത്ത പത്ര പരസ്യം . “മകനെ കാണ്മാനില്ല” , താഴെ ഫോണ്‍ നമ്പരും .  യാചകന്റെ മനസ്സ് പട പടാന്ന് ഇടിച്ചു. അങ്ങനെ അച്ഛന്റെ അടുത്തേക്ക് പോകാന്‍ യാചകന്‍ തീരുമാനിച്ച നിമിഷം , ആ പോലീസുകാരന്‍ വീണ്ടും വന്നു . യാചകന്റെ കോളറില്‍ പിടിച്ചു. പത്ര പരസ്യം പോലീസുകാരന്‍ കണ്ടു . നെറ്റി ചുളിച്ചു . സൂര്യപ്രകാശത്തിനു വീണ്ടും ശക്തി കൂടി. കത്തി ജ്വലിച്ചു.

by Binu Mayappallil

Previous Next